ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യയ്ക്ക് കൈമാറിയത്, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. തീരുമാനിച്ചതിലും നാല് മണിക്കൂർ വൈകിയാണ് അഭിനന്ദനെ പാക്കിസ്ഥാൻ കൈമാറിയത്.

വെള്ളിയാഴ്ച രാത്രി 9.20നാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ അകമ്പടിയോടെ അഭിനന്ദനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചത്.

‘എന്റെ രാജ്യത്ത് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നായിരുന്നു ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതിന് ശേഷം അഭിനന്ദന്റെ ആദ്യ പ്രതികരണം.

നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ വൈദ്യ പരിശോധനയ്ക്കായി അഭിനന്ദനെ ഡല്‍ഹിയില്‍ എത്തിച്ചു. പലാം വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷം മനഃശാസ്ത്ര പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും അദ്ദേഹത്തെ വിധേയനാക്കും. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടേയും ഇന്റലിജന്‍സ് ഏജന്‍സികളുടേയും സാന്നിദ്ധ്യത്തിലായിരിക്കും അദ്ദേഹത്തിന്റെ പരിശോധനകള്‍ നടക്കുക.

അതേസമയം പൂഞ്ച് സെക്ടറില്‍ ഇപ്പോഴും പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അമ്മയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ