ന്യൂഡല്‍ഹി: ഭരണ മാതൃകകൾ സർക്കാരിനും ജനങ്ങൾക്കും ഇടയിൽ വിശ്വാസം വളർത്തിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക സാഹചര്യങ്ങളും പശ്ചാത്തലവും കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും ഡല്‍ഹിയില്‍ നടന്ന ദി ഇന്ത്യന്‍ എക്സ്പ്രസ് എക്സലന്‍സ് ഇന്‍ ഗവേണന്‍സ് അവാര്‍ഡ് ദാനച്ചടങ്ങില്‍ അമിത് ഷാ വ്യക്തമാക്കി. നൂതനവും മികച്ചതുമായ ഭരണം കാഴ്ചവച്ച 18 ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കാണ് പുരസ്കാരം നല്‍കി ആദരിച്ചത്.
“ക്യൂവിലെ അവസാനത്തെ ആളിലേക്കും എത്തുന്ന തരത്തിലായിരിക്കണം ഭരണമാതൃക. അത് എല്ലാവരേയും ഉൾക്കൊള്ളുന്നതും അഴിമതി രഹിതവും സുതാര്യവും ഉത്തരവാദിത്തമുള്ളതും സെൻസിറ്റീവും നൂതനവും സുസ്ഥിരവുമായിരിക്കണം,” ഷാ പറഞ്ഞു.
“മികച്ച ഭരണത്തിന്റെ അടിസ്ഥാനം ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന നയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നു. അതിനായി പുറത്തു നിന്ന് ഒരു നയം കൊണ്ടുവരാന്‍. സാഹചര്യങ്ങൾക്കനുസരിച്ചും ജനങ്ങളുടെ അവസ്ഥ വിലയിരുത്തിയശേഷവും നമ്മുടെ മാതൃകകൾ ഉണ്ടാക്കിയെടുക്കേണ്ടിവരും. രണ്ട് മുതല്‍ 10 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് നിന്ന് കൊണ്ടുവരുന്ന ഒരു മാതൃക നമ്മുടേത് പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, നമ്മൾ പരാജയപ്പെടും. അതിനായി ചിന്തകള്‍ താഴെത്തട്ടിൽ നിന്ന് ആരംഭിച്ച് മുകളിൽ എത്തണം. ഏറ്റവും ചെറിയ നിർദേശങ്ങൾ പോലും ഗൗരവമായി എടുക്കണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവാർഡുകൾ നേടിയ ജില്ലാ മജിസ്‌ട്രേറ്റുമാരെ അഭിനന്ദിച്ച ഷാ, അംഗീകാരം മുന്നോട്ട് കുതിക്കാനുള്ള ഒരു പ്രചോദനമായി പരിഗണിക്കണമെന്ന് പറഞ്ഞു. നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്താത്ത ഒരു സ്വപ്നം ഒരു സ്വപ്നമല്ല. അതിനാൽ വർഷങ്ങളോളം ഉറങ്ങാൻ അനുവദിക്കാത്ത കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുക. മറ്റുള്ളവർക്കും രാജ്യത്തിനും വേണ്ടി സ്വപ്നം കാണുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി കാബിനറ്റ് സെക്രട്ടറിയായതിന് ശേഷം പോലും ലഭിക്കില്ലെന്നും ഷാ പറഞ്ഞു.
“വികസനത്തിന്റെയും പുരോഗതിയുടെയും താക്കോൽ” നല്ല ഭരണമാണെന്ന് ഷാ തന്റെ പ്രസംഗത്തിൽ പറഞ്ഞു. “ജനാധിപത്യത്തിൽ ഭരണഘടനയുടെ അന്തസത്ത താഴെത്തട്ടിൽ എത്തിക്കുക അസാധ്യമാണ്. എല്ലാവർക്കും തുല്യ അവസരവും പുരോഗതിയും നല്‍കുന്ന ഇന്ത്യൻ ഭരണഘടന വിജയിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റ് തലത്തിൽ മികവുണ്ടാകുമ്പോള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

“രാംനാഥ് ഗോയങ്കയുടെ കാലം മുതൽ ബ്രിട്ടീഷ് ഭരണകാലത്തും ഇന്ത്യൻ എക്‌സ്പ്രസ് പത്രപ്രവർത്തനത്തിന് പേരുകേട്ടതാണ്. സർക്കാരിന്റെ തെറ്റുകളും പോരായ്മകളും തുറന്നുകാട്ടുന്നത് നല്ലതാണ്. എന്നാൽ നല്ല പ്രവൃത്തികൾക്കുള്ള അംഗീകാരം സമൂഹത്തെ പ്രചോദിപ്പിക്കുകയും നന്നായി പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,” അവാർഡിന് പിന്നിലെ ആശയം പരാമർശിച്ചുകൊണ്ട് ഷാ വ്യക്തമാക്കി.
1975-ലെ അടിയന്തരാവസ്ഥക്കാലത്ത് രാംനാഥ് ഗോയങ്കയും ദി ഇന്ത്യൻ എക്‌സ്‌പ്രസും കാണിച്ച ധൈര്യത്തെക്കുറിച്ചും ഷാ പറഞ്ഞു. “ബിസിനസിനെയും പത്രപ്രവർത്തനത്തെയും അകറ്റി നിർത്താനുള്ള ആദ്യത്തെ ശ്രമം നടത്തിയത് ഗോയങ്ക ജിയാണ്. അദ്ദേഹം അതിനാല്‍ എന്നും ഓർമ്മിക്കപ്പെടും. രാജ്യതാൽപ്പര്യത്തിന് നിരക്കാത്തത് തുറന്നുകാട്ടാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല, യാതൊരു ഭയവും, പ്രത്യയശാസ്ത്ര പക്ഷപാതിത്വവും ഇല്ലാതെ അത് ചെയ്തു. രാജ്യത്തിന് വേണ്ടി ചെയ്യാൻ അവസരം ലഭിച്ചപ്പോഴെല്ലാം രാംനാഥ് ഗോയങ്കാജി പ്രവർത്തിച്ചു,” ഷാ കൂട്ടിച്ചേര്‍ത്തു.
ഭരണത്തില്‍ വലിയൊരു മാറ്റം സർക്കാർ കൊണ്ടുവന്നതായി ഷാ അവകാശപ്പെട്ടു. “മോദി സർക്കാർ ജനങ്ങളെ പ്രീതിപ്പെടുത്താൻ നയങ്ങൾ ഉണ്ടാക്കുന്നില്ല. പകരം ജനങ്ങൾക്ക് ഗുണകരമാകുന്ന നയങ്ങൾ ഉണ്ടാക്കുന്നു. ഞങ്ങൾ ജിഎസ്ടിയും ഡിബിടിയും (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തു. അതുകൊണ്ട് ഞങ്ങളുടെ തീരുമാനങ്ങൾ കയ്പേറിയതായിരിക്കാം, പക്ഷേ അത് ജനങ്ങളുടെ നന്മയ്ക്കായിരുന്നു. നയങ്ങൾ ഉണ്ടാക്കുമ്പോൾ നമ്മൾ ഒരിക്കലും വോട്ടുബാങ്ക് ലക്ഷ്യം വയ്ക്കില്ല. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹയായി. കോവിഡിനുശേഷം ശബരിമല തീര്‍ഥാടകര്‍ക്കായി സജ്ജമാക്കിയതിനും തിരക്ക് നിയന്ത്രിച്ചതിനുമാണു പുരസ്കാരം. ആഭ്യന്ത്ര മന്ത്രി അമിത് ഷായിൽനിന്ന് ദിവ്യ എസ് അയ്യർ പുരസ്കാരം ഏറ്റുവാങ്ങി.