കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമബംഗാളില്‍ നടത്തിയ റാലിയിലും ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ എന്ന മുദ്രാവാക്യം. സിപിഐഎം നേതാവ് മുഹമ്മദ് സലിം ആണ് ബിജെപി പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്.

കൊല്‍ക്കത്തയില്‍ ശഹീദ് മിനാര്‍ മൈതാനത്തിലാണ് ഷായുടെ റാലി നടന്നത്. ഒരൊറ്റ സന്ദര്‍ശനം കൊണ്ട് അമിത് ഷാ ഗോലി മാരോ സാലോം കോ എന്ന മുദ്രാവാക്യം കൊല്‍ക്കത്തയില്‍ പ്രചരിപ്പിച്ചുവെന്ന് മുഹമ്മദ് സലിം പറഞ്ഞു.

ഗോഡ്‌സെയുടെ അനുയായികള്‍ വെടിയുണ്ടയില്‍ സ്വാധീനിക്കപ്പെട്ടേക്കാമെന്നും എന്നാല്‍ ബംഗാള്‍ വിവേകാനന്ദന്റേയും കാസി നസ്രുള്‍ ഇസ്ലാമിന്റേയും ടാഗോറിന്റേയും നാടാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ കോണ്‍ഗ്രസ് എംഎല്‍എ മനോജ് ചക്രവര്‍ത്തി കൊല്‍ക്കത്ത പൊലീസിനെ കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ അക്രമങ്ങളെ ബംഗാളിലേക്ക് കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇത് അവരുടെ സംസ്‌കാരമാണ്. ഇത്തരം മുദ്രാവാക്യങ്ങളിലൂടെ ബംഗാളില്‍ അസ്വസ്ഥത വിതയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്താണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൊലീസ് ചെയ്യുന്നതെന്നും എന്തുകൊണ്ട് ഇത്തരം ബിജെപി അനുയായികളെ അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ് വാര്‍ത്താ ഏജന്‍സിയായ പിടിഐ കൊല്‍ക്കത്ത പൊലീസിലെ മുതിര്‍ന്ന ഓഫീസറെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു. എങ്കിലും നഗരത്തിലെ ക്രമസമാധാന നില തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ വിമാനത്താവളത്തിന് പുറത്ത് ഗോ ബാക്ക് വിളികളോടെയാണ് അമിത് ഷായെ സ്വീകരിച്ചത്. സിഎഎ അനുകൂല റാലിയില്‍ പങ്കെടുക്കാനാണ് ഷാ കൊല്‍ക്കത്തയില്‍ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook