ന്യൂഡല്‍ഹി: പഞ്ചാബി ഗായകന് സിദ്ധു മൂസ വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ സതീന്ദര്‍ സിംഗ് അഥവാ ഗോള്‍ഡി ബ്രാര്‍ യുഎസില്‍ പിടിയിലായതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്ഥിരീകരിച്ചു. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തിരുന്നുവെന്നത് സ്ഥിരീകരിച്ച വാര്‍ത്തയാണെന്നും ഭഗവന്ത് മാന്‍ ഗുജറാത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചാബിന്റെ സാമൂഹിക ബന്ധങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല ഭഗവന്ത് മാന്‍ പറഞ്ഞു. ഈ വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്തതിന് ശേഷം പഞ്ചാബ് പൊലീസിന് അടുത്തിടെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിച്ചിരുന്നു. ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ചില ലംഘനങ്ങള്‍ക്ക് അറസ്റ്റിലായിരിക്കാന് സാധ്യതയുണ്ടെന്ന് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ഒരു മുതിര്‍ന്ന പഞ്ചാബ് പൊലീസ് ഓഫീസര്‍ പറഞ്ഞു.
നവംബര്‍ 20ന് കലിഫോര്‍ണിയയില്‍ ഇയാള്‍ പിടിയായിട്ടുണ്ടെന്നാണു വിവരം. യുഎസിലെ തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. മേയിലാണ് പഞ്ചാബിലെ മന്‍സയില്‍ കാറില്‍ യാത്ര ചെയ്തിരുന്ന സിദ്ധുവിനെ ഒരു സംഘം വെടിവച്ചു കൊന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ലോറന്‍സ് ബിഷ്ണോയ് കൊള്ളസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ബ്രാര്‍. പഞ്ചാബിലെ മുക്സര്‍ സാഹിബ് സ്വദേശിയായ ഇയാള്‍ 2017ല്‍ സ്റ്റുഡന്റ് വിസയിലാണ് കാനഡയില്‍ പ്രവേശിച്ചത്.