ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ യുഎസ് കമ്പനികളെ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

“നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരഭങ്ങള്‍ തുടങ്ങാനും ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലേക്ക് വരിക.” നരേന്ദ്ര മോദി പറഞ്ഞു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സെപ്റ്റംബർ 20 നാണ് കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത്. സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായാണിത്. ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോർപറേറ്റ് നികുതി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതി 22 ശതമാനമാക്കിയാണ് കുറച്ചത്. സര്‍ ചാര്‍ജും സെസും ചേരുമ്പോള്‍ 25.17 ശതമാനമാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തമാസം ഒന്നു മുതല്‍ തുടങ്ങുന്ന നിര്‍മാണ കമ്പനികള്‍ക്ക് 2023 മാര്‍ച്ച് 31 വരെ 15 ശതമാനം നികുതി അടച്ചാല്‍ മതി. സെസും സര്‍ ചാര്‍ജും ചേരുമ്പോള്‍ നികുതി 17.01 ശതമാനമാകും. ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത കമ്പനികള്‍ക്കാണ് ആനുകൂല്യം.

നികുതി കുറച്ചത് രാജ്യത്ത് സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാൻ ഇത് പ്രചോദനമാകും. നികുതി കുറച്ച നടപടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മിനിമം ഓൾട്ടർനേറ്റ് ടാക്സ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു. 2019 ജൂലൈ അഞ്ചിന് മുന്‍പ് ഷെയര്‍ ബൈബാക്ക് പ്രഖ്യാപനം നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍, തിരികെ വാങ്ങുന്ന ഓഹരികൾക്ക് നികുതി നല്‍കേണ്ടതില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കോർപറേറ്റ് നികുതി കുറച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ സെൻസെക്‌സ് കുതിച്ചുയർന്നത് വിപണിക്ക് ആശ്വാസമായിരുന്നു. സെൻസെ‌ക്‌സ് 1933 പോയിന്റ് ഉയർന്ന് 38,026.98 ലേക്ക് എത്തി. നിഫ്‌റ്റി 562 പോയിന്റ് ഉയർന്ന് 11,267.70 ലേക്ക് എത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook