ഗാസിയാബാദ്: കൻവാർ യാത്രയിൽ പങ്കെടുക്കുന്നതിനായി ഗോൾഡൻ ബാബ പതിവുതെറ്റിക്കാതെ എത്തി. 25-ാം തവണയാണ് ഗോൾഡൻ ബാബ യാത്രയിൽ പങ്കെടുക്കുന്നത്. ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ശിവഭക്ത തീര്‍ത്ഥാടകരുടെ ഘോഷയാത്രയാണ് കന്‍വാര്‍ യാത്ര.

ഇത്തവണ 20 കിലോ സ്വർണം ധരിച്ചാണ് ബാബ എത്തിയത്. ഇന്നത്തെ വിപണി വിലയിൽ ഏകദേശം ആറു കോടിയോളം വിലവരും. ഓരോ വർഷവും യാത്രയിൽ പങ്കെടുക്കാൻ വരുമ്പോൾ ഗോൾഡൻ ബാബയുടെ സ്വർണത്തിലും വർധനവ് ഉണ്ടാകാറുണ്ട്. 2016 ൽ 12 കിലോ സ്വർണമായിരുന്നു ഗോൾഡൻ ബാബ അണിഞ്ഞെത്തിയത്.

2017 ൽ 14.5 കിലോ സ്വർണമായിരുന്നു ബാബയുടെ ദേഹത്ത് ഉണ്ടായിരുന്നത്. ഇതിൽ 21 സ്വർണ മാലകളും 21 ലോക്കറ്റുകളും ഉണ്ടായിരുന്നു. ചിലപ്പോൾ ഗോൾഡൻ ജാക്കറ്റും ധരിച്ചാണ് ബാബ എത്താറുളളത്.

സുധീർ കുമാർ മക്കഡ് എന്നാണ് ബാബയുടെ യഥാർത്ഥ പേര്. ഗോൾഡൻ ബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വർണത്തോടുളള ഭ്രമംമൂലം അദ്ദേഹം സ്വയം ബാബയ്ക്കു മുന്നിൽ ഗോൾഡൻ എന്നു കൂടി ചേർക്കുകയായിരുന്നു. സ്വർണം തന്റെ ബലഹീനതയാണെന്നും അതില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നുമാണ് ബാബ പറയുന്നത്.

ഇത്തവണത്തെ യാത്രയിൽ സ്വർണത്തിനു പുറമേ 27 ലക്ഷം വിലയുളള റോളക്സ് വാച്ചും ബാബയുടെ കൈയ്യിലുണ്ട്. ഒരു ബിഎംഡബ്ല്യു, മൂന്നു ഫോർചുണേഴ്സ്, രണ്ടു ഓഡി, രണ്ടു ഇന്നോവ കാറുകളും ബാബയുടെ യാത്രാ സംഘത്തിനൊപ്പമുണ്ട്.

‘സ്വർണത്തോടും കാറുകളോടുമുളള എന്റെ ഇഷ്ടം ഒരിക്കലും അവസാനിക്കില്ല. 1972-73 കാലത്ത് 10 ഗ്രാമിന് 200 രൂപ വിലയുളളപ്പോഴാണ് ഞാൻ സ്വർണമിടാൻ തുടങ്ങിയത്. പിന്നീട് പതുക്കെ പതുക്കെ സ്വർണം കൂടാൻ തുടങ്ങി. എന്റെ മരണം വരെ ഞാൻ സ്വർണം ധരിക്കും. ഞാൻ മരിക്കുന്ന സമയത്ത് എനിക്ക് ഇഷ്ടപ്പെട്ട അനുനായിക്ക് അവയെല്ലാം നൽകും’, ബാബ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook