ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്. എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ അന്വേഷണസംഘം ഉടൻതന്നെ യുഎഇയിലെത്തും.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയ്‌ക്ക് സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നെന്ന് ഇപ്പോൾ അന്വേഷണസംഘത്തിന്റെ പിടിയിലുള്ള പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും പറഞ്ഞിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സൂചന. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ അറ്റാഷെ അടക്കമുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥർ യുഎഇയിലേക്ക് തിരിച്ചുപോയത് സംശയങ്ങൾ വർധിപ്പിക്കുന്നു.

Read Also: അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമല്ല; സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷൺ

അതേസമയം, സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധത്തിലുറച്ച് നിൽക്കുകയാണ് എൻഐഎ. തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങൾ ഇന്നു കോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങൾ അടങ്ങിയ കേസ് ഡയറി ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്‌ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

Read Also: മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനും കോവിഡ്; സിദ്ധരാമയ്യ ആശുപത്രിയിൽ

അന്വേഷണസംഘത്തിന്റെ പിടിയിലുള്ള റമീസ് ആണ് സ്വർണക്കടത്തിൽ മുഖ്യകണ്ണിയെന്നാണ് വിലയിരുത്തൽ. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക എത്തുന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. 7 ദിവസത്തെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ കെടി റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. റമീസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് എൻഐഎ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook