ന്യൂഡല്‍ഹി: കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് ഓരോ വ്യക്തിയും വെളിപ്പെടുത്തേണ്ടി വരും. നോട്ട് നിരോധനത്തിനു ശേഷം കള്ളപ്പണം തടയുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണിത്. പേരു വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ദരിച്ച് സിഎൻബിസി ടിവിയാണ് ഇതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, കൈവശമുള്ള സ്വർണത്തിന്റെ അളവ് വെളിപ്പെടുത്താന്‍ ചെറിയ കാലയളവ് മാത്രമാണ് സര്‍ക്കാര്‍ നല്‍കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധന സമയത്തും നോട്ടുകള്‍ മാറാന്‍ ചെറിയ കാലയളവാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.
രേഖകളില്ലാതെ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന് സര്‍ക്കാര്‍ തീരുമാനിക്കുന്ന നികുതി നല്‍കേണ്ടി വരും. ബില്ലുകളില്ലാത്ത സ്വർണം പിടിച്ചെടുത്താൽ വലിയ പിഴയായിരിക്കും അവരിൽ നിന്ന് ഈടാക്കുക.
വേൾഡ് ഗോൾഡ് കൗണ്‍സില്‍ പുറത്തുവിടുന്ന പുതിയ കണക്കനുസരിച്ച് 2019 ല്‍ 750 മുതല്‍ 850 ടണ്‍ സ്വർണമായിരിക്കും ഇന്ത്യയുടെ ഉപഭോഗം. 2018 ല്‍ ഇത് 760 ടണ്‍ ആയിരുന്നു. 2010 ൽ ഇത് 963 ടൺ ആയിരുന്നു. 2016 ൽ നോട്ടു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ സ്വർണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നു 2016 ലെ സ്വർണത്തിന്റെ ഉപഭോഗം ഇടിഞ്ഞു. 2016 ൽ 666 ടൺ മാത്രമായിരുന്നു ഇന്ത്യയുടെ ഉപഭോഗം. ഏഴ് വർഷത്തിനിടെയുണ്ടായ ഏറ്റവും കുറവ് അളവാണിത്. 2018 ലേക്ക് എത്തിയപ്പോൾ ഇത് 760 ടൺ ആയി.
Read Also: രണ്ടുപേരെ പ്രണയിക്കുന്നത് എതിര്‍ത്തു; യുവതി അമ്മയെ കൊലപ്പെടുത്തി
24,000 മുതല്‍ 25,000 ടണ്‍ വരെ സ്വര്‍ണം ഇന്ത്യയിലെ സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെന്നാണ് ഗോള്‍ഡ് കൗണ്‍സിന്റെ കണക്ക്. 1,135 ബില്യൺ ഡോളറാണ് ഈ സ്വർണത്തിന്റെ മൂല്യം. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണം കൂടാതെയാണിത്. റിസർവ് ബാങ്കിന്റെ കെെവശം 608.8 ടൺ സ്വർണമുണ്ടെന്നാണ് കണക്ക്.
ഇന്ന് കേരളത്തിൽ സ്വർണവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണു കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.97 എന്ന നിലയിലാണ്.