scorecardresearch

Latest News

സോഷ്യൽ മീഡിയയിലെ അഭിപ്രായപ്രകടനം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്: രഞ്ജൻ ഗൊഗോയ്

ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ പൊലീസ് നടപടി സ്വീകരിക്കുന്നതിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം

Ranjan Gogoi

ന്യൂഡൽഹി: പൊതു ക്രമത്തിന്റെയും ധാർമ്മികതയുടെയും ‘ലക്ഷ്മണരേഖ’ മറികടക്കാത്തിടത്തോളം കാലം അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സുപ്രധാന ഭാഗമാണെന്ന് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. വദ്‌ഗാം എംഎൽഎ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ പൊലീസ് നടപടി സ്വീകരിക്കുന്നതിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ ട്വീറ്റ് പങ്കുവച്ചെന്ന കേസിൽ വ്യാഴാഴ്ച മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ വ്യക്തികൾക്കെതിരായ പൊലീസ് നടപടി അസഹിഷ്ണുതയുടെ ലക്ഷണമാണോ എന്ന ചോദ്യത്തിന് അത് പൊതുക്രമത്തിന്റെ പരിധിക്കുള്ളിലാണെങ്കിൽ നിയന്ത്രിക്കാൻ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഗുജറാത്ത് എംഎൽഎയുമായി ബന്ധപ്പെട്ട പ്രത്യേക കേസിനെക്കുറിച്ച് എനിക്കറിയില്ല, എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ അഭിപ്രായപ്രകടനങ്ങൾ, അത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ എതിരായിക്കൊള്ളട്ടെ, പൊതു ക്രമത്തിന്റെയും ധാർമ്മികതയുടെയും ‘ലക്ഷ്മണ രേഖ’ അത് കടക്കാത്തിടത്തോളം കാലം, ആരോഗ്യകരമായ ജനാധിപത്യത്തിന്റെ നിർണായക ഭാഗമാണ്. അഭിപ്രായം (പൊതു ക്രമത്തിന്റെ) പരിധിക്കുള്ളിലാണെങ്കിൽ, അത് നിയന്ത്രിക്കാൻ പാടില്ല…” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അഞ്ചാമത് ഗുജറാത്ത് ഛത്ര സൻസദിനെ അഭിസംബോധന ചെയ്യാൻ വഡോദരയിലെത്തിയതായിരുന്നു അദ്ദേഹം.

എന്നാൽ അത്തരമൊരു അഭിപ്രായം വസ്തുതകളുടെയും വിശ്വസനീയമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. “ഇത് ഒരു സത്യസന്ധമായ അഭിപ്രായമല്ലെങ്കിൽ, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ, അത് തെറ്റാണ്. വസ്തുതകളെ അടിസ്ഥാനമാക്കിയല്ലാതെയുള്ള അഭിപ്രായങ്ങൾ പൊതു ക്രമത്തെ തടസ്സപ്പെടുത്തുകയും ധാർമ്മികത ലംഘിക്കുകയും സ്ഥാപനത്തിനോട് പൊതുജനങ്ങൾക്കിടയിൽ അവിശ്വാസം സൃഷ്ടിക്കുകയും ദേശീയ താൽപ്പര്യത്തിന് ഭീഷണിയുയർത്തുകയും ചെയ്താൽ, നടപടിയെടുക്കേണ്ടതുണ്ട്. രാജ്യതാൽപ്പര്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ല, ”അദ്ദേഹം പറഞ്ഞു.

ഇന്നത്തെ തലമുറയ്ക്ക് സോഷ്യൽ മീഡിയയുള്ളത് ഭാഗ്യമാണെന്നും ഗോഗോയ് പറഞ്ഞു. “ഇത് (സോഷ്യൽ മീഡിയ) ശക്തമായ ഉപകാരമാണ്, പക്ഷേ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം, അത് നിർഭാഗ്യകരമാണ്… പൊതുപ്രവർത്തനത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ, കഠിനാധ്വാനം ചെയ്യുകയും വസ്തുതകളെ അടിസ്ഥാനമാക്കില്ലാതെ തങ്ങൾക്ക് വിജയിക്കാനാവില്ലെന്ന് തിരിച്ചറിയുകയും വേണം. കാരണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ എളുപ്പമാണ്. പക്ഷേ അവസാനം, സത്യമാണ് ജയിക്കുക, ”അദ്ദേഹം പറഞ്ഞു.

Also Read: ഇമ്മാനുവൽ മാക്രോൺ വീണ്ടും ഫ്രഞ്ച് പ്രസിഡന്റ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gogoi freedom of expression is vital but shouldnt cross lakshman rekha