ന്യൂഡൽഹി: ഡൽഹി പൊലീസ് ഓഫിസറുടെ കസേരയിൽ ആൾദൈവം രാധേ മാ ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനുപിന്നാലെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഡൽഹിയിലെ വിവേക് വിഹാറിലെ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാധേ മായെ അവിടുത്തെ പൊലീസ് ഓഫിസറുടെ കസേരയിൽ ഇരുത്തിയത്. അതേസമയം, റാം ലിലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് രാധേ മാ പൊലീസ് സ്റ്റേഷനിലെത്തിയത്. അവിടുത്തെ വാഷ്റൂം ഉപയോഗിച്ചശേഷം തിരികെ പോയെന്നും ഒരു പൊലീസ് ഓഫിസർ പിടിഐയോട് പറഞ്ഞു.

വിവേക് വിഹാർ പൊലീസ് സ്റ്റേഷനിലെ മേധാവി സഞ്ജയ് ശർമയുടെ കസേരയിൽ രാധേ മാ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. രാധേ മായ്ക്ക് സമീപത്തായി കൂപ്പു കൈകളോടെ സഞ്ജയ് നിൽക്കുന്നുണ്ട്. രാധേ മായുടെ ഷോളും അദ്ദേഹം കഴുത്തിൽ ധരിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നാലെ സഞ്ജയെ മറ്റൊരു തസ്തികയിലേക്ക് മാറ്റിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിർന്ന പൊലീസ് ഓഫിസർ രവീന്ദ്ര യാദവ് പറഞ്ഞു.

അതിനിടെ, രാധേ മായ്ക്കൊപ്പം നൃത്തം ചെയ്ത അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ദസ്റ ആഘോഷങ്ങളിൽ രാധേ മായ്ക്കൊപ്പം നൃത്തം ചെയ്തും പാട്ടു പാടിയും ആനന്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ ജൂലൈയിൽ അഖില ഭാരതീയ അഖാര പരിഷത്ത് പുറത്തുവിട്ട 14 വ്യാജ സന്യാസിമാരുടെ പട്ടികയില്‍ രാധേ മായും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ