ന്യൂഡല്‍ഹി: ഗോഡ്‌സെ വാദികളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിന് മാപ്പില്ലെന്ന് മോദി പറഞ്ഞു. ന്യൂസ് 24 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പ്രഗ്യാ സിങിനെ തള്ളി രംഗത്തെത്തിയത്.

പ്രഗ്യാ സിങ് നടത്തിയത് തെറ്റായതും മോശവുമായ പരാമര്‍ശമാണ്. പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞിട്ടുണ്ടാകാം. എന്നാലും പൂര്‍ണമായും പ്രഗ്യയോട് ക്ഷമിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മോദി പറഞ്ഞു.

Read More: ‘മാപ്പ് പറഞ്ഞിട്ടുണ്ടല്ലോ’; ഗോഡ്‌സെ വാദികളെ തള്ളി അമിത് ഷാ

മധ്യപ്രദേശിലെ ബിജെപി വക്താവ് അനിൽ സൗമിത്രയെ ഗാന്ധി വിരുദ്ധ പരാമർശത്തിന്റെ പേരിൽ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന വിവാദ പരാമർശമാണ് സൗമിത്ര ഫോസ്ബുക്കിലൂടെ നടത്തിയത്. സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശം അച്ചടക്ക ലംഘനമാണെന്നും അതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതായും ബിജെപി അറിയിച്ചു. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം കൂടുതൽ നടപടികളിലേക്ക് പാർട്ടി കടക്കുമെന്നും സൗമിത്രയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗോഡ്സെയെ പ്രകീർത്തിച്ച് രംഗത്തെത്തിയ നേതാക്കളെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരത്തെ തള്ളിപറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മോദിയും പ്രഗ്യാ സിങിനെതിരെ രൂക്ഷമായി വിമർശനമുന്നയിച്ചത്.

പ്രഗ്യാ സിങ് ഠാക്കൂര്‍, അനന്ത്കുമാര്‍ ഹെഡ്‌ഗെ, നളിന്‍ കുമാര്‍ തുടങ്ങിയവര്‍ ഗോഡ്‌സെയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. മൂന്നു നേതാക്കളില്‍ നിന്നും ബിജെപി അച്ചടക്ക സമിതി വിശദീകരണം നേടുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.

‘അനന്ത്കുമാര്‍ ഹെഡ്‌ഗെ, പ്രഗ്യാ സിങ് ഠാക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ബിജെപിയുമായി ബന്ധമില്ല. അവര്‍ മൂന്നുപേരും പ്രസ്താവനകള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നിരുന്നാലും ബിജെപി ഇവരുടെ പ്രസ്താവനകളെ ഗൗരവമായി എടുത്തിട്ടുണ്ട്, ഇവരില്‍ നിന്നും വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ അന്തസിനെ തകര്‍ക്കുന്നതും പ്രത്യയശാസ്ത്രത്തിന് എതിരായതുമാണ്. അതിനാല്‍ വിഷയം അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്,’ അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.

Read More: മോദി വലിയ നടന്‍, അമിതാഭ് ബച്ചനെ പ്രധാനമന്ത്രി ആക്കിയാല്‍ മതിയായിരുന്നു: പ്രിയങ്ക ഗാന്ധി

ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്താണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. ഗോഡ്സെ പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറയേണ്ട ആവശ്യമില്ല എന്നാണ് കേന്ദ്രമന്ത്രി കൂടിയായ അനന്ത് കുമാര്‍ ഹെഗ്ഡെ ട്വിറ്ററില്‍ കുറിച്ചത്. ഗോഡ്സെയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഹെഡ്‌ഗെ പറഞ്ഞു.

ഗോഡ്‌സെയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും മരണപ്പെട്ട് ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്നത്തെ തലമുറ ഇതൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഗോഡ്‌സെയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും അനന്ത് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഗോഡ്‌സെയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇതൊക്കെ പറയേണ്ടതെന്നും അനന്ത്കുമാര്‍ ചോദിച്ചു. അതേസമയം, പരാമശം തന്റേതല്ലെന്നും ട്വിറ്റര്‍ ഹാക്ക് ചെയ്തതാണെന്നും ഹെഗ്‌ഡെ പ്രതികരിച്ചു.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലാണ് ഗോഡ്‌സെ സ്തുതികളുമായി രംഗത്തെത്തിയ മറ്റൊരു നേതാവ്. നാഥുറാം ഗോഡ്‌സെയെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായാണ് നളിന്‍ കുമാര്‍ താരതമ്യം ചെയ്തത്. ഗോഡ്‌സെ ഒരാളെ കൊന്നു, അജ്മല്‍ കസബ് 72 പേരെയാണ് കൊന്നത്, എന്നാല്‍, രാജീവ് ഗാന്ധി 17,000 പേരെയാണ് കൊന്നത് (സിഖ് വിരുദ്ധ കലാപം ഉദ്ദേശിച്ച്). ഇതില്‍ നിന്ന് വിധിക്കൂ ആരാണ് ഏറ്റവും വലിയ ക്രൂരനെന്ന്? എന്നായിരുന്നു നളിന്‍ കുമാര്‍ ട്വീറ്റ് ചെയ്തത്. പരാമര്‍ശം വിവാദമായതോടെ നളിന്‍ കുമാര്‍ ട്വീറ്റ് പിന്‍വലിച്ചു.

Read More Election News Here

രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയാണെന്നും നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ചയാകുന്നത്. അതിനു പിന്നാലെയാണ് ഗോഡ്‌സെ ദേശഭക്തനാണെന്ന വാദവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍ രംഗത്തെത്തിയത്. പരാമര്‍ശം വിവാദമായതോടെ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook