മുംബൈ: ബുളളറ്റ് ട്രെയിൻ പദ്ധതിക്കായി വിഖ്റോലിയുളള തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഗോദറേജ് കമ്പനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് മുതൽ മുംബൈവരെയുളള ബുളളറ്റ് ട്രെയിൻ നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്നപദ്ധതിയാണ്.
സാധാരണ ഗതിയിൽ വികസനപദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരു കോർപറേറ്റ് സ്ഥാപനം ഇപ്പോൾ അവരുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമ്പോൾ വികസനം സംബന്ധിച്ച പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് സുസ്ഥിരവികസനത്തനായി വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും കർഷകർ ഈ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
നിലവിൽ പദ്ധതിക്ക് നിശ്ചയിച്ചിട്ടുളള അലൈൻമെന്റ് മാറ്റാൻ നിർദ്ദേശം നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. അങ്ങനെയാണെങ്കിൽ ഗോദറേജിന്റെ ഏകദേശം 8.6 ഏക്കർ ഭൂമി ലഭ്യമാകും. കമ്പനിയുടെ നിർമ്മാണ വിഭാഗമായ ഗോദറേജ് കൺസ്ട്രക്ഷൻസിന്റേതാണ് ഈ സ്ഥലം. വിഖ്റോലിയാണ് ഗോദറേജിന്റെ ആസ്ഥാനവും.
ആകെ 508.17 കിലോമീറ്റർ റയിൽവേ ട്രാക്കാണ് മുംബൈ- അഹമ്മദാബാദ് ബുളളറ്റ് ട്രെയിനായി ആവശ്യമുളളത്. ഇതിൽ 21 കിലോമീറ്റർ ഭൂഗർഭ റയിൽലൈനായിട്ടാണ് ആസൂത്രണം ചെയ്തിട്ടുളളത്. ഇതാണ് ബുളളറ്റ് ട്രെയിൻ പദ്ധതിയുടെ നിലവിലുളള അലൈൻമെന്റ്. ഇതിലൊരു ഭൂഗർഭ റയിൽ ലൈനിലേയ്ക്കുളള ടണലാണ് വിഖ്റോലിയിലെ ഭൂമിയിൽ വരുന്നത്.
കഴിഞ്ഞ മാസം അവസാനമാണ് ഇത് സംബന്ധിച്ച പരാതി ഫയൽ ചെയ്തത്. ഈമാസം 31 ന് ബോംബെ ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ഈ കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുളളറ്റ് ട്രെയിൻ പദ്ധതി മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും കർഷകരുടെ എതിർപ്പ് നേരിടുകയാണ്. ഗുജറാത്തിൽ നിന്നുളള നാല് കർഷകർ സ്ഥലം ബുളളറ്റ് ട്രെയിൻ പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും ഒന്നിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ അഹമ്മദാബാദിൽ ഈ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതാണ് ഇന്ത്യയിലെ ആദ്യ ബുളളറ്റ് ട്രെയിൻ പദ്ധതി. ഈ ട്രെയിനിന് 12 സ്റ്റേഷനുകളാണ് അനുവദിച്ചിട്ടുളളത്. ഇതിൽ നാലെണ്ണം മഹാരാഷ്ട്രയിലാണ്.
ബുളളറ്റ് ട്രെയിനിനെതിരെ മെട്രോമാൻ ഇ.ശ്രീധരൻ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സാധാരണക്കാർക്ക് പ്രയോജനം ചെയ്യാത്ത ബുളളറ്റ് ട്രെയിൻ സമ്പന്നരുടെ താൽപര്യം മാത്രം സംരക്ഷിക്കുന്ന ഒന്നാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.