ചണ്ഡിഗഢ്: ഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളില്‍ വിവാദ ആള്‍ദൈവം രാംപാല്‍ ദാസിനെ ഹരിയാന കോടതി വെറുതെ വിട്ടു. പൗരന്മാര്‍ക്കും പൊതു സ്വത്തിനും നാശനഷ്ടം ഉണ്ടാക്കിയെന്ന കേസുകളില്‍ 66കാരനായ രാംപാലിനെതിരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍​ 2005ല്‍ ഹിസാറില്‍ ഒരു ഗ്രാമീണന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് അടക്കം എട്ട് കേസുകളില്‍ ആള്‍ദൈവം വിചാരണ നേരിടും.

രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും ആശ്രമത്തില്‍ തമ്പടിച്ച അനുയായികളും തമ്മില്‍ 2014ല്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. വധ-ഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുന്ന രാംപാലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നടപ്പിലാക്കാനെത്തിയ പൊലീസിന് നേരെയും രാംപാലിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

തുടര്‍ന്ന് പൊലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയുമാണ് അന്ന് മരണപ്പെട്ടത്. ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ