ജയ്പൂർ: മുപ്പതുകാരനായ ആൾദൈവത്തെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ താരാനഗറിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ഒരു യുവതിയുമായി ആൾദൈവം സന്തോഷ് ദാസിന് ബന്ധമുണ്ടെന്ന് നാട്ടുകാരുടെ ആരോപണത്തിൽ മനം നൊന്ത് സ്വയം ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആൾദൈവത്തെ ഒരു പാഠം പഠിപ്പിക്കാൻ നാട്ടുകാരാണ് കൃത്യം ചെയ്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. രക്തം വാർന്ന് വേദന കൊണ്ട് കരയുകയായിരുന്ന ആൾദൈവത്തെ നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ ബിക്കേനറിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ആൾദൈവത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനുശേഷം മാത്രമേ എന്തിനാണ് കൃത്യം നടത്തിയതെന്നതു സംബന്ധിച്ച് വിവരം ലഭിക്കുകയുളളൂവെന്നും മുതിർന്ന പൊലീസ് ഓഫിസർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഗ്രാമത്തിലെ യുവതിയുമായി ആൾദൈവത്തിന് ബന്ധമുണ്ടെന്ന് ജനങ്ങൾ ആരോപിക്കുകയും ഗ്രാമം വിട്ട് പോകണമെന്ന് ആൾദൈവത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ആൾദൈവത്തെ ഒരു പാഠം പഠിപ്പിക്കാൻ ജനങ്ങളാണ് ജനനേന്ദ്രിയം മുറിച്ചതെന്നും വിവരമുണ്ട്. പക്ഷേ ഇത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.