അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ തീവയ്‌പ് സംഭവം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നു ഗുജറാത്ത് സര്‍ക്കാരിനു കീഴിലുള്ള ബോര്‍ഡ് പുറത്തിറക്കിയ പുസ്തകം. ഗുജറാത്തിന്റെ രാഷ്ട്രീയചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിലാണ് ആരോപണം.

‘ഗുജറാത്തിന്റെ രാഷ്ട്രീയ വീരഗാഥ’ എന്ന പേരില്‍ യൂണിവേഴ്‌സിറ്റി ഗ്രന്ഥ് നിര്‍മാണ്‍ ബോര്‍ഡ് (യുജിഎന്‍ബി) കഴിഞ്ഞവര്‍ഷം ഡിസംബറിലാണു പുസ്തകം പ്രസിദ്ധീകരിച്ചത്. ബിജെപി മുന്‍ എംപിയും ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണുമായ ഭാവ്‌നാബെന്‍ ദാവേയാണു പുസ്തകം എഡിറ്റ് ചെയ്തത്.

”സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു 2002 ഫെബ്രുവരി 27നുണ്ടായ ട്രെയിന്‍ കത്തിക്കല്‍. അയോധ്യയില്‍നിന്നു തിരിച്ചുവരികയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ എ കോച്ചിനു തീവച്ചു. 59 കര്‍സേവകര്‍ കൊല്ലപ്പെട്ടു. ഗോധ്രയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളാണ് ഈ ഗൂഢാലോചന നടത്തിയത്,” പുസ്തകത്തില്‍ പറയുന്നു.

അതേയസമയം, ബോര്‍ഡിനെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണു പുസ്തകത്തിലെ പരാമര്‍ശമെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഗോധ്ര തീവയ്‌പ് കേസില്‍ കോടതി വിധി വളച്ചൊടിച്ച എഴുത്തുകാര്‍ക്കെതിരേ നിയമനപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അഭിപ്രായം തേടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

എന്നാല്‍ വസ്തുതാവിരുദ്ധമായ ഒന്നും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നു ഭാവ്‌നാബെന്‍ ദാവേ പറഞ്ഞു. കോടതികളുടെ ഉത്തരവുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അതേക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും പുസ്‌കത്തിന്റെ സഹരചയിതാവ് കൂടിയായ ദാവേ പറഞ്ഞു.

2002 ഫെബ്രുവരി 27നാണു ഗോധ്രയില്‍ ട്രെയിനിനു തീവച്ച് 59 കര്‍സേവകരെ കൊലപ്പെടുത്തിയത്. ഇതു ഗുജറാത്തില്‍ വലിയ വര്‍ഗീയ കലാപത്തിനു വഴിവയ്ക്കുകയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരത്തിലേറെ പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook