രാജ്യത്തെ നടുക്കിയ  ഗുജറാത്ത് വംശഹത്യക്ക് ഇന്ന്  15 വയസ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ  ഇരുണ്ടദിനങ്ങളായിരുന്നു ആ ദിവസം മുതൽ ഗുജറാത്ത്  കണ്ടത്.

സബർമതി എക്സ്പ്രസിലെ ബോഗിയിൽ തീ പിടിച്ച് 58 കർസേവകർ കൊല്ലപ്പെട്ടതോടെയാണ് കലാപത്തിനു തുടക്കമായത്.  പുറത്തു നിന്നും തീയിട്ടതാണെന്നാരോപിച്ചായിരുന്നു മുസ്ലിങ്ങൾക്കെതിരായ കലാപം ആരംഭിച്ചത്.  2002 ഫെബ്രുവരി 27 ന് ഗോധ്ര റെയിൽവേസ്റ്റേഷന് സമീപത്ത് വെച്ച് ഒരു കൂട്ടമാളുകൾ സബർമതി എക്‌പ്രസിന്റെ എസ്.6 കോച്ചിന് തീയിടുകയായിരുന്നു എന്നായിരുന്നു ആരോപണം.

ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 28 ന് ഗുജറാത്തിൽ വിശ്വഹിന്ദു പരിഷത്ത് ഹർത്താലിന് ആഹ്വാനം ചെയ്‌തു. ഹർത്താലിന്റെ മറവിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയാണ് അരങ്ങേറിയത്. അഹമ്മദാബാദിലെ നരോദ പാട്യയിൽ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്‌ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു. നിരവധി പേരെ കൊന്നൊടുക്കി. 1200 ആളുകൾ ദിവസങ്ങൾ നീണ്ടു നിന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളിൽ ഇത് അതിന്റെ എത്രയോ ഇരട്ടിയാണ്. കോൺഗ്രസിന്റെ എം പിയായിരുന്ന ഇസ്ഹാൻ ജഫ്രി ഉൾപ്പെടയുളളവർ വംശഹത്യയ്ക്കിരയായി.

കാണാതായവരെ കാത്തിരിക്കുന്ന രക്ഷിതാക്കൾ, രക്ഷിതാക്കൾ നഷ്ടപ്പെട്ട മക്കൾ എന്നിവരെല്ലാം ഇന്നും ഗുജറാത്തിന്റെ ആ ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു. അന്ന് ഗുജറാത്ത് കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറിയത് രണ്ട് യുവാക്കളാണ് . അശോക് മോചി എന്ന ചെരുപ്പുകുത്തൽ തൊഴിലാളിയും കുത്തബ്ദീൻ അൻസാരിയെന്ന തയ്യൽ തൊഴിലാളിയും. ആയുധമേന്തി കൊലവിളി നടത്തുന്ന അശോക് മോചിയും സ്വന്തം ജീവനായി കൈകൂപ്പി കേഴുന്ന അൻസാരിയും ലോക മനസാക്ഷിയെ ഞെട്ടിച്ച പ്രതീകങ്ങളായി മാറി. അൻസാരിയുടെ  ജീവനായുളള കെഞ്ചൽ   ലോകത്തിന് മുന്നിലുളള ഒരു ജനതയുടെ നിലവിളിയായി പ്രതിധ്വനിച്ചു. അതിന്റെ അനുരണനങ്ങൾ ഇന്നും വിടാതെ അന്നത്തെ ഭരണാധികാരികളെ പിന്തുടരുന്നു. അശോക് മോച്ചിയും അൻസാരിയും പിന്നീട് സുഹൃത്തുക്കളായി. തന്നെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിനിറക്കിയതാണെന്ന് അശോകമോച്ചി കുമ്പസരിച്ചു. ഇരുവരും കേരളത്തിലുമെത്തി. അൻസാരിയുടെ ജീവിതം പുസ്തകമായി ഇറങ്ങി. അശോക് മോച്ചിയും പുസ്തകമെഴുതി. അവരിവരും ജീവിതം സ്നേഹത്തിന്റെ നൂലിഴകൾ കൊണ്ട് തുന്നിയെടുത്തു. വിദ്വേഷത്തിന്റെും ദയനീയതയുടെയും അടയാളങ്ങൾ എന്ന നിലയിൽ നിന്നും അവർ  വിദ്വേഷരാഷ്ട്രീയത്തിനെതിരായ സ്നേഹത്തിന്റെയും മാനവികതയുടെയും അടയാളമായി മാറി.

മാതാപിതാക്കളെ നഷ്‌ടപ്പെട്ട അമീറുലും സഹോദരങ്ങളും

23 കാരനായ അമിറുൽ ഷെയ്ക്ക് ജീവിക്കുന്നതും ഫെബ്രുവരി 28 ന്റെ നടുക്കുന്ന ഓർമകളിലാണ്. സ്വന്തം ഗ്രാമമായ ഡിലോലിൽ അക്രമികളിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് അമിറുളിന് മാതാപിതാക്കളെ നഷ്ടമായത്. ജനക്കൂട്ടം കൊലപ്പെടുത്തിയ 14 പേരിൽ രണ്ട് പേർ അമിറുലിന്റെ അച്ഛനും അമ്മയുമായിരുന്നു. കലാപം നടന്ന ദിവസം ഡിലോലിലെ 25 മുസ്‌ലിം കുടുംബങ്ങളെ ഹിന്ദുക്കളുടെ ഒരു കൂട്ടം ആക്രമിക്കുകയായിരുന്നു. ആയുധങ്ങളുമേന്തി വന്ന ചിലർ മാതാപിതാക്കളുടെ ജീവനെടുത്ത ആ ദിനം 15 വർഷം കഴിഞ്ഞിട്ടും അമിറുലിനെ ഇന്നും വേട്ടയാടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ