ന്യൂഡല്‍ഹി: വി.ഡി.സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്ന മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ കോണ്‍ഗ്രസ്. മാഹാത്മാ ഗാന്ധിയുടെ ജനനത്തിന്റെ 150-ാം വാര്‍ഷികാഘോഷ സമയത്തു തന്നെ സര്‍ക്കാര്‍ അങ്ങനൊരു തീരുമാനത്തില്‍ എത്തിയെങ്കില്‍ പിന്നെ ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലാണ് ബിജെപി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന് പറയുന്നത്. ഇന്ത്യയുടെ പരമോന്നത ബഹുമതിയാണ് ഭാരത രത്‌ന.

”പരീക്ഷയില്‍ എങ്ങനെയാണ് മാഹാത്മഗാന്ധി ആത്മഹത്യ ചെയ്തതെന്ന് ചോദിക്കുന്ന രാജ്യത്ത് എന്തും സംഭവിക്കും” മനീഷ് തിവാരി പറഞ്ഞു. മഹാത്മാ ഗാന്ധി വധക്കേസില്‍ വിചാരണ നേരിട്ടയാളാണ് സവര്‍ക്കറെന്നും തിവാരി ഓര്‍മ്മിപ്പിച്ചു.

അതേസമയം, മഹാത്മാ ഗാന്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ലേഖം എഴുതിയതിനേയും തിവാരി വിമര്‍ശിച്ചു. ഒരു വശത്ത് ഗാന്ധിയെ പുകഴ്ത്തുന്നവരാണ് മറുവശത്ത് ഇതുപോലുള്ള ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും തിവാരി പറഞ്ഞു.

മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക ബി.ജെ.പി നേരത്തെ പുറത്തിറക്കിയിരുന്നു. പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്കും ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവര്‍ക്കും ഭാരത് രത്ന നല്‍കി ആദരിക്കണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook