ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി ഇരുപത്തിയഞ്ച് തവണ തല്ലിയതായി സമ്മതിച്ച് ശിവസേന എം.പി രവീന്ദ്ര ഗയിക്വാദ് രംഗത്ത് വന്നതിന് പിന്നാലെ ജീവനക്കാരന് എംപിക്കെതിരെ പരാതി നല്കി. ബിസിനസ് ക്ലാസ് സീറ്റ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ എം.പി അസഭ്യമായ ഭാഷയിലാണ് പ്രതികരിച്ചതെന്ന് എയർഇന്ത്യ ജീവനക്കാരന് പറയുന്നു.
തന്റെ കണ്ണട തല്ലി പൊട്ടിക്കുകയും മറ്റ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മുമ്പാകെ തന്നെ അവഹേളിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഒരു എംപിയുടെ സംസ്കാരവും പെരുമാറ്റവും ഇത്തരത്തിലാണെങ്കില്‍ നമ്മുടെ രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നും വിമാന ജീവനക്കാരന് പറഞ്ഞു.
ഗയിക്വാദിന്റെ മോശമായ പെരുമാറ്റത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവില്‍ 40 മിനിറ്റ് വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത്. പൂനെയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു എം.പി.
തന്നോട് അപമര്യാദയായി പെരുമാറിയത് കൊണ്ടാണ് തല്ലിയതെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടെയും അധിക്ഷേപം കേൾക്കേണ്ട ആവശ്യം തനിക്കില്ല. താൻ ഒരു ശിവസേന എം.പിയാണ് അല്ലാതെ ബി.ജെ.പി എം.പിയല്ലെന്നും ആർക്ക് വേണമെങ്കിലും അവർക്ക് (എയർ ഇന്ത്യ) പരാതി നൽകാമെന്നും രവീന്ദ്ര ഗയിക്വാദ് പറഞ്ഞു.