ന്യൂഡൽഹി: തന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുതിർന്ന പൈലറ്റിന്റെ ജോലിയിൽ നിന്ന് പുറത്താക്കിയതായി വിമാനക്കമ്പനിയായ ഗോ എയർ അറിയിച്ചു. മിക്കി മാലിക് എന്ന പൈലറ്റിനെയാണ് പുറത്താക്കിയത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന ട്വീറ്റ് മാലിക്ക് പോസ്റ്റുചെയ്തത്.
ആദ്യം ട്വീറ്റ് ചെയ്ത പൈലറ്റ്, “പ്രധാനമന്ത്രി ഒരു വിഡ്ഢിയാണ്. പകരമായി നിങ്ങൾക്ക് എന്നെ അതു തന്നെ വിളിക്കാം. അത് കുഴപ്പമില്ല. എനിക്ക് പ്രശ്നമില്ല. കാരണം ഞാൻ പ്രധാനമന്ത്രിയല്ല. എന്നാൽ പ്രധാനമന്ത്രി ഒരു വിഡ്ഢിയാണ്,” എന്നായിരുന്നു മാലിക്കിന്റെ ട്വീറ്റ്. പിന്നീട് അദ്ദേഹം ഇതു നീക്കംചെയ്യുകയും അക്കൗണ്ട് പൂട്ടുകയും ചെയ്തിരുന്നു.
പിന്നീട് വ്യാഴാഴ്ച അദ്ദേഹം ക്ഷമാപണം നടത്തി. “പ്രധാനമന്ത്രിയെക്കുറിച്ചുള്ള എന്റെ ട്വീറ്റുകൾക്കും, മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള എന്റെ മറ്റ് ട്വീറ്റുകളുടേയും പേരിൽ ഞാൻ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റുകൾ എന്റെ വ്യക്തിപരമായ കാഴ്ചപ്പാടായതിനാൽ, ഗോ എയറിന് അവയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്ന് ഞാൻ അറിയിക്കുന്നു,” അദ്ദേഹം പോസ്റ്റുചെയ്തു.
എന്നാൽ പൈലറ്റിനെ പുറത്താക്കിയതായി ഗോ എയർ വക്താവ് അറിയിച്ചു.
“ഗോ എയറിന് ഇത്തരം കാര്യങ്ങളോട് സഹിഷ്ണുത കാണിക്കാനാകാത്ത നയമാണ്. കൂടാതെ എല്ലാ ഗോ എയർ ജീവനക്കാരും കമ്പനിയുടെ തൊഴിൽ നിയമങ്ങൾ, ചട്ടങ്ങൾ, സോഷ്യൽ മീഡിയ പെരുമാറ്റം ഉൾപ്പെടെയുള്ള നയങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്. ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ ഒരു ജീവനക്കാരൻ പ്രകടിപ്പിക്കുന്ന വ്യക്തിപരമായ കാഴ്ചപ്പാടുകളുമായി എയർലൈനിന് ബന്ധമില്ല. ക്യാപ്റ്റന്റെ സേവനം അടിയന്തര പ്രാബല്യത്തിൽ ഗോ എയർ അവസാനിപ്പിച്ചു.”