പനജി: ഗോവ ഉപതിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടിയിട്ടും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയ കോൺഗ്രസിൽ പൊട്ടിത്തെറി. എംഎൽഎയും പാർട്ടിയുടെ മുതിർന്ന നേതാവുമായ വിശ്വജിത് റാണ എംഎൽഎ സ്ഥാനം രാജിവച്ചു. ഗോവയിലെ ജനങ്ങൾ കോൺഗ്രസ് ഭരണം വരണമെന്നാണ് ആഗ്രഹിച്ചത്. എന്നിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്തത് പാർട്ടിയുടെ പരാജമാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായി വിശ്വജിത് റാണ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിശ്വജിത്ത്​ റാണ വിട്ടു നിന്നിരുന്നു.

ഗോവൻ ജനതയുടെ പ്രശ്നങ്ങൾ പാർട്ടി നേതാക്കൾ കാണുന്നില്ല. പാർട്ടി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബിജെപി ഭരണം ഗോവൻ ജനത​ ആഗ്രഹിച്ചിരുന്നില്ല. ദേശീയ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടെയും നിലപാടുകൾ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും വിശ്വജിത് റാണ പറഞ്ഞു.

ഇന്നു ഗോവ നിയമസഭയിൽ നടന്ന് വിശ്വാസ വോട്ടെടുപ്പിൽ മനോഹർ പരീക്കർ വിജയം നേടിയിരുന്നു. 40 അംഗ നിയമസഭയിൽ 22 പേരുടെ പിന്തുണ നേടിയാണ് മനോഹർ പരീക്കർ ഭരണം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഗോവ നിയമസഭയിൽ 17 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 13 എംഎൽഎമാരാണുള്ളത്. മൂന്ന് എംഎൽഎമാർ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണയും മൂന്നു സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ