പനജി: ഗോവയിലെ പ്രശസ്തമായ ബെറ്റാല്‍ബാറ്റിം ബീച്ചില്‍​ ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 20കാരിയായ വിനോദസഞ്ചാരി കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് നടപടി. വൈകുന്നേരത്തിന് ശേഷം ബീച്ചിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക പഞ്ചായത്ത് ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനമായത്.

പഞ്ചായത്ത് അംഗങ്ങളെല്ലാവരും ചേര്‍ന്നാണ് തീരുമാനത്തിലെത്തിയത്. രാത്രി ടൂറിസ്റ്റുകളെ ബീച്ചില്‍ പ്രവേശിപ്പിക്കില്ല. ‘യോഗത്തില്‍ എല്ലാവരും തീരുമാനത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. രാത്രി 7.30ന് ശേഷം ബീച്ചില്‍ ടൂറിസ്റ്റുകളുടെ സന്ദര്‍ശനം നിരോധിച്ചു. വൈകുന്നേരത്തിന് ശേഷം പ്രവേശന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഗേറ്റ് അടച്ചിടും. ബോര്‍ഡുകളും സ്ഥലത്ത് സ്ഥാപിക്കും’, പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനും തീരുമാനമായിട്ടുണ്ട്.

22കാരനായ യുവാവിനൊപ്പം ഗോവയിലെത്തിയ 20കാരി മെയ് 25നാണ് ബീച്ചില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. തുടര്‍ന്ന് ഇവരെ പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. ഇരകളുടെ പരാതിയെ തുടര്‍ന്ന് 24 മണിക്കൂറിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ