scorecardresearch
Latest News

ഗോവയിൽ ആദ്യ കോവിഡ് മരണം

മാധ്യമപ്രവർത്തകരോട് സംസാരിച്ച ആരോഗ്യമന്ത്രി വിശ്വജിത് റാണെ മരണം സ്ഥിരീകരിച്ചു. മരിച്ചയാൾ തന്റെ നിയോജകമണ്ഡലത്തിൽ നിന്നുള്ളയാളാണ്. “ഇത് നിർഭാഗ്യകരമാണ്,” അദ്ദേഹം അനുശോചിച്ചു

ഗോവയിൽ ആദ്യ കോവിഡ് മരണം

പനജി:ഗോവയിൽ, ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. വടക്കൻ ഗോവയിലെ മോർലെമിൽ നിന്നുള്ള എൺപത്തിയഞ്ചുകാരനാണ് മരിച്ചത്.

നേരത്തെ തന്നെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിച്ച ആരോഗ്യമന്ത്രി വിശ്വജിത് റാണെ മരണം സ്ഥിരീകരിച്ചു. മരിച്ചയാൾ തന്റെ നിയോജകമണ്ഡലത്തിൽ നിന്നുള്ളയാളാണെന്നും ”ഇത് നിർഭാഗ്യകരമാണ്,” എന്നും അദ്ദേഹം അനുശോചിച്ചു.

Read More: തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും; പുതിയ നിർദേശങ്ങൾ ഇങ്ങനെ

ആരോഗ്യമന്ത്രി റാണെയുടെ നിയമസഭാ സീറ്റായ വാൽപോയി മണ്ഡലത്തിലാണ് മോർലെം പഞ്ചായത്ത്. ഈ പ്രദേശത്ത് ഇന്നലെ രാത്രി വരെ 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഗോവയിൽ ഇതുവരെ 818 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനം ഡിസ്ചാർജ് നയം മൂന്ന് തവണ പരിഷ്കരിച്ചു. തുടക്കത്തിൽ എല്ലാ കോവിഡ് രോഗികളെയും സർക്കാർ നിയുക്ത ആശുപത്രിയിലേക്ക് മാറ്റി, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണവും രോഗാവസ്ഥയും ഉള്ള കേസുകളെ മാത്രമാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ സംസ്ഥാനത്തെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം നാലേകാൽ ലക്ഷം കടന്നു. 4,25,282 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,74,387 ആണ്. രണ്ടേകാൽ ലക്ഷത്തിലേറെ പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 13,699 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 14,821 പേർക്കാണ്. ഒറ്റ ദിവസത്തിനിടെ 445 പേര്‍ മരിക്കുകയും ചെയ്‌തു. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വർധനവ് രേഖപ്പെടുത്തുന്നത് ആശങ്കയ്‌ക്ക് കാരണമാകുന്നു.

മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. മഹാരാഷ്‌ട്രയിൽ മരണസംഖ്യ ആറായിരം കടന്ന് 6,170 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,32,074 ആകുകയും ചെയ്തു. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരത്തോളമായി. 1663 പേര്‍ മരിച്ചു. തമിഴ്‌നാട്ടിൽ 59,377 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 27,260 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തോട് അടുക്കുന്നു. ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലിലും അമേരിക്കയിലും സ്ഥിതി ഗുരുതരമായി തുടരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Goa registers first covid 19 death

Best of Express