പനജി: ബിജെപി എംഎല്‍എയുടെ മകന്‍ അമിതവേഗത്തില്‍ ഓടിച്ച ബിഎംഡബ്ല്യു കാറിടിച്ച് 20കാരിക്ക് ദാരുണാന്ത്യം. സഹോദരിയായ 18കാരിക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഗോവയിലെ അല്‍ദോന എംഎല്‍എ ആയ ഗ്ലെന്‍ ടിക്ലോയുടെ മകന്റെ ആഡംബര കാറാണ് സഹോദരിമാരെ ഇടിച്ചു തെറിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബെലാഗാവിയിലാണ് സംഭവം നടന്നത്. തമ്രീന്‍ ഖാലിദ് ബിസ്‌പി എന്ന യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഹോദരിയായ തെഹ്‍നിയത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. ഗാന്ധി നഗറിന് അടുത്ത് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അമിതവേഗത്തില്‍ വാഹനം വന്നത്. എംഎല്‍എയുടെ മകനായ കൈല്‍ ടിക്ലോയാണ് കാറോടിച്ചിരുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ രണ്ട് പെണ്‍കുട്ടികളേയും ഇടിച്ച് തെറിപ്പിച്ചു.

തമ്രീന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങി. തെഹ്‍നിയത്തിനെ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ എംഎല്‍എയുടെ മകന്റെ വാഹനം അടിച്ചു തകര്‍ത്തു തീയിട്ടു. 15 മിനിറ്റോളം ദേശീയ ഗതാഗതം നാട്ടുകാര്‍ തടസ്സപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പിന്നാലെ 25കാരനായ കൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായാണ് വിവരം. എംഎല്‍എയുടെ പേരിലാണ് ബിഎംഡബ്ല്യു റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. സംഭവത്തില്‍ പ്രതികരണവുമായി എംഎല്‍എ എത്തി. ‘മകന് കുഴപ്പമൊന്നും ഇല്ല. പൊലീസ് നടപടികളുമായി സഹകരിക്കുന്നുണ്ട്. ബാക്കി വിവരങ്ങള്‍ അറിയിക്കാം,’ എംഎല്‍എ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ