ഗോവ : ബീഫിന്രെ പേരിൽ അക്രമം വർധിക്കുന്ന സാഹചര്യത്തിൽ ഗോവയിൽ മാംസ വ്യാപാരികളുടെ സംഘടനയുടെ അനിശ്ചിത കാല സമരം. ഗോവയിലെ വിനോദ സഞ്ചാര മേഖലയെ അടക്കം സാരമായി ബാധിക്കുമെന്ന് ആശങ്ക ഉയർത്തുകയാണ് സമരം. സംസ്ഥാനത്ത് വ്യാപകമായി അനധികൃത സംഘങ്ങൾ രൂപീകരിച്ച് നിയമവിരുദ്ധ റെയിഡുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാംസ വ്യാപാരികൾ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത് .

സമരത്തിന് ആഹ്വാനം ചെയ്ത മീറ്റ് ട്രേഡേഴ്സ് അസോസിയേഷൻ ആണ് ഗോവയിലെ വിനോദ സഞ്ചാര മേഖലകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മാംസ വിതരണത്തിന് നേതൃത്വം നൽകുന്നത്.

തണുപ്പ് കാലത്തു വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കിന് സാക്ഷ്യം വഹിക്കുന്ന ഗോവയിലെ മാംസാ വ്യാപാരികളുടെ സമരം, വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

മാംസ വ്യാപാരത്തെ എതിർക്കുന്നവരുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ ഇടപെടാൻ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില എൻ ജി ഓ കളും പശു സംരക്ഷകർ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ സംഘടനകളും ഭീക്ഷണിപ്പെടുത്തുകയും അനാവശ്യമായി നിരീക്ഷിക്കുകയും ചെയ്യുകയാണ് എന്ന് പരാതിപ്പെട്ടു അസോസിയേഷൻ പ്രവർത്തകർ സർക്കാരിനെ കാണാൻ ഏതാനും ആഴ്ചകളായി ശ്രമിച്ചു വരികയാണ്. “ക്രിസ്തുമസ് ദിവസമായ ഡിസംബർ 25 നാണ് ആദ്യ റെയ്‌ഡ്‌ നടന്നത്. കർണാടകയിൽ നിന്നാണ് ഞങ്ങൾ ബീഫ് മാംസം കൊണ്ട് വരുന്നത്. ഇവിടെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത്‌ നിരോധിച്ച സാഹചര്യത്തിലാണത്.
കർണാടകയിൽ നിന്നും മാംസം എത്തിച്ചു ഇവിടെ വിതരണം ചെയ്യുന്നത് നിയമ വിധേയമായി തന്നെയാണ് “, അസോസിയേഷൻ പ്രസിഡന്റ് മന്ന ബെപാരി പറഞ്ഞു.

ചെക് പോയിന്റുകളിൽ വച്ച് പ്രവർത്തകർ ഞങ്ങളുടെ വണ്ടിയിൽ കയറുകയും വണ്ടിയിൽ ഉള്ളത് പശുവിന്റെ മാംസമാണ് എന്നാരോപിച്ചു ചിത്രങ്ങൾ എടുക്കുകയും തുടർന്ന് മാംസം രാസ ലായിനികൾ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുന്നു.

ഞങ്ങൾ ഒരിക്കലും പശുവിന്റെ മാംസം വിൽക്കാറില്ല. തന്നെയുമല്ല മാംസം പശുവിന്റേതാണോ എന്ന് പരിശോധിക്കുന്നതിന് സംവിധാനങ്ങളുണ്ട്. അത് ഫ്രിഡ്ജിൽ സൂക്ഷിച്ചു ലബോറട്ടറിയിൽ അയക്കുകയാണ് വേണ്ടത്. ഇതൊന്നും പ്രതിക്ഷേധക്കാർ ചെയ്യുന്നില്ല.” ബേപരി പറഞ്ഞു.

ആദ്യ റെയ്‌ഡ് നടന്നപ്പോൾ തന്നെ സർക്കാരിനെ സമീപിച്ചതായി പ്രവർത്തകർ പറഞ്ഞു. തങ്ങളുടെ കയ്യിൽ എല്ലാ രേഖകളും ഉണ്ടായിരുന്നു. എന്നാൽ റെയ്‌ഡുകൾ തുടരുന്നു. ഞങ്ങൾ മാംസം വാങ്ങിക്കുന്നത് വരെ ഇപ്പോൾ നിരീക്ഷിക്കപെടുന്നു എന്നും അവർ ചൂണ്ടിക്കാട്ടി.

ആക്രമികൾക്കു നിശബ്ദമായ പിന്തുണ നൽകുന്ന സർക്കാർ നടപടി ജനങ്ങളിൽ തെറ്റിധാരണ പരത്തുമെന്നാണ് അസോസിയേഷന്റെ വാദം. സംസ്ഥാനത്തുടനീളം നിയമപരമായി വ്യാപാരം നടത്തുന്നവരെ പിന്തുണക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഒരു ദിവസം 15 ടൺ മാംസമാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗോവയിൽ വിവിധ ഇടങ്ങളിലായി വിതരണം ചെയ്യപ്പെടുന്നത് .70 ഓളവും റീറ്റെയ്ൽ വ്യാപാരികളാണ് ആവശ്യക്കാർക്കായി മാംസം നൽകുന്നത്.

“ക്രിസ്തുമസ് മുതൽ എൻ ജി ഒ പ്രവർത്തകർ എന്ന് സ്വയം പരിചയപ്പെടുത്തുന്നവർ വന്നാണ് റെയ്‌ഡ് നടത്തുന്നത്.ഇവർ ആരൊക്കെയാണെന്ന് ഒരു തെളിവുമില്ല   തിരിച്ചറിയൽ കാർഡുകൾ പോലുമില്ല ആർക്കും” ബെപാരി പറഞ്ഞു.

നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി മൊവിൻ ഗോഡിൻഹോ വ്യക്തമായ മറുപടി പറഞ്ഞില്ല. ഗോവ മീറ്റ് കോംപ്ലക്സ് പൂർണമായും പ്രവർത്തിക്കുന്നു എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്.

മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് പുതിയ നിയമങ്ങളും ചട്ടങ്ങളും സർക്കാർ കൊണ്ടുവരികയാണെന്നുളള പരാതി സംസ്ഥാനത്തൊട്ടാകെ നിലനിൽക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook