ന്യൂഡൽഹി: ഗോവയിൽ സർക്കാരുണ്ടാക്കാൻ ബിജെപി യെ ഗവർണർ ക്ഷണിച്ചതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. ഇതോടെ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ചുമതലയേൽക്കും.

സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിവയ്ക്കണമെന്നും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെയാണ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടതെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കി ബിജെപി നേരത്തേ തന്നെ ഗവർണർക്ക് മനോഹർ പരീക്കർ കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അദ്ദേഹത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്ന വാദമാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്കാണ് ഹർജി സുപ്രീം കോടതി പരിഗണിച്ചത്. അതേസമയം ഇന്ന് ഗോവയിൽ കോൺഗ്രസിന്റെ നിയമസഭാംഗങ്ങൾ ഗവർണർ മൃദുല സിൻഹയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും. ഇതിനായി കോൺഗ്രസ് ആസ്ഥാനത്ത് അംഗങ്ങൾ യോഗം ചേരുകയാണ്. എന്നാൽ സുപ്രീം കോടതി കോൺഗ്രസിന്റെ ഹർജി തളളിയ സാഹചര്യത്തിൽ ഇത് ഗവർണർ അംഗീകരിച്ചേക്കില്ല.

ഗവർണറുടെ നടപടി വ്യക്തമായ ഭരണഘടന ലംഘനമാണെന്നാണ് കോൺഗ്രസ് ഹർജിയിൽ പറഞ്ഞിരുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗാണ് കോൺഗ്രസിന് വേണ്ടി ഹാജരായത്. അതേസമയം കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് റാണ ഒരിക്കൽ കൂടി കോൺഗ്രസ് നേതൃത്വത്തിനെതിരെ മുന്നോട്ട് വന്നു. സർക്കാരുണ്ടാക്കാൻ സാധിക്കാതിരുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ