പനജി: ഗോവയില്‍ അധികാരം നിലനിര്‍ത്തി ബിജെപി സര്‍ക്കാര്‍. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 20 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചപ്പോള്‍ കോണ്‍ഗ്രസിനുള്ളത് 15 വോട്ടുകള്‍.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി – 3 (ജിഎഫ്പി), മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി- 3 (എംജിപി), സ്വതന്ത്രര്‍ -3 എന്നിവരുടെ പിന്തുണയോടെയാണ് ബിജെപി വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്. ബിജെപിയുടെ അംഗബലം 11 ആണ്. അതേസമയം, എന്‍സിപിയുടെ ഒരു എംഎല്‍എയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് 15 വോട്ടുകള്‍ സ്വന്തമാക്കിയത്. 14 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് മാത്രമുള്ളത്.
Read: അർധ രാത്രിയില്‍ അധികാരത്തില്‍; പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു
തിങ്കളാഴ്ച രാത്രിയാണ് പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. മനോഹര്‍ പരീക്കറുടെ മരണശേഷമാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രി കസേരയിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന വാദവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
40 അംഗ നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ രാജിവയ്ക്കുകയും രണ്ട് പേര് മരിക്കുകയും ചെയ്തിരുന്നു. ഇതോടെ സഭയുടെ അംഗബലം 36 ആയി കുറഞ്ഞു.
ആർഎസ്എസ് ബന്ധമുള്ള ഡോ.പ്രമോദ് സാവന്തിനെ നിയമസഭ കക്ഷി നേതാവായി ബിജെപി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം അംഗീകരിച്ചില്ല. മുഖ്യനാകാൻ ശ്രമിച്ച മൂന്നംഗങ്ങളുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) എംഎൽഎ സുദിൻ ധാവലികർ പിണങ്ങിപ്പോയി. പിന്നീട് ചർച്ചകൾക്കും പരീക്കറുടെ സംസ്കാര ചടങ്ങുകൾക്കും സുദിൻ ധാവലിക്കറും എംജിപി അധ്യക്ഷൻ ദീപക് ധാവലിക്കറും പോയില്ല. എന്നാൽ, പാർട്ടി എംഎൽഎമാർ മനോഹർ അസഗവങ്കറും ദീപക് പവസ്കറും സജീവമായിരുന്നു. മൂന്ന് സ്വതന്ത്രന്മാർ ഒപ്പം നിന്നതോടെ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) അധ്യക്ഷൻ വിജയ് സർദേശായി കരുത്താർജിക്കുകയും ചെയ്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook