പനാജി: ഗോവയിൽ മനോഹർ പരീക്കർ സർക്കാരിന് ഭരണം തുടരാൻ സാധിക്കാത്ത സ്ഥിതിയാണെങ്കിൽ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഗിരീഷ് ആർ ചോദാങ്കർ. ഏറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളാണെന്നും സഭ പിരിച്ചുവിടാനുളള ശ്രമമുണ്ടായാൽ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നും ചോദാങ്കർ ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

“2002 ൽ ഗോവയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായ ഘട്ടത്തിൽ മനോഹർലാൽ പരീക്കർ സർക്കാരിനെ പിരിച്ചുവിട്ടിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാകാനുളള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകാനാണ് ഈ കത്ത്. കാലാവധി തീരും മുൻപ് നിയമസഭ പിരിച്ചുവിടാനുളള ഏത് നീക്കത്തെയും കോൺഗ്രസ് ശക്തമായി എതിർക്കുന്നു. പരീക്കറിന് സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഏക പ്രതിപക്ഷ കക്ഷിയുമായ ഞങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം,” അദ്ദേഹം പറഞ്ഞു.

ഗോവയിൽ നാൽപ്പതംഗ സഭയാണ്. ഇതിൽ 16 പേരാണ് ഇപ്പോൾ കോൺഗ്രസ് അംഗങ്ങൾ. ഭരണപക്ഷത്തുളള ബിജെപിക്ക് 14 അംഗങ്ങളാണ് ഉളളത്. ബിജെപിക്കൊപ്പമുളള മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവർക്ക് മൂന്ന് അംഗങ്ങൾ വീതം ഉണ്ട്. ഇവർക്ക് പുറമെ മൂന്ന് സ്വതന്ത്രരും എൻസിപിയുടെ ഒരംഗവും ബിജെപി സർക്കാരിനെ പിന്തുണക്കുന്നവരാണ്. ഇവരെല്ലാം അടക്കം 24 അംഗങ്ങളുടെ പിന്തുണയാണ് ഇപ്പോൾ ഭരണപക്ഷത്തിനുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook