പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ലോബോ ഇക്കാര്യം അറിയിച്ചത്. മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചെന്നും ലോബോ പറഞ്ഞു.

ഗോവയിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ തിരക്കിട്ട നീക്കങ്ങള്‍. മന്ത്രിസഭാ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ നീക്കത്തെ ചെറുക്കാനാണ് ബിജെപി ഇന്ന് അടിയന്തര യോഗം ചേരുന്നതും ഘടകക്ഷികളുമായി ചര്‍ച്ച ചെയ്ത് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നീക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പനജിയിലെ ബിജെപി ആസ്ഥാനത്തായിരിക്കും പാര്‍ട്ടി യോഗം ചേരുക.

പരീക്കറുടെ ആരോഗ്യനില മോശമാണെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ലോബോ പ്രതികരിച്ചത്. എന്നാല്‍, ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ മുന്‍ നിലപാട് അദ്ദേഹം തിരുത്തി. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് ലോബോയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

നേരത്തെ, ഗോവയിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്നും തങ്ങള്‍ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മൃദുല സിംഹയ്ക്ക് കോണ്‍ഗ്രസ് കത്തുനല്‍കിയിരുന്നു. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തോടെ പരീക്കര്‍ മന്ത്രിസഭയുടെ ഭൂരിപക്ഷം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത് നല്‍കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ