/indian-express-malayalam/media/media_files/uploads/2018/09/goa-congress-congress1.jpg)
ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഗോവയില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനിലെത്തി. കോണ്‍ഗ്രസ് നേതാവ് ബാബു കാവല്‍ക്കറിന്റെ നേതൃത്വത്തിലുളള സംഘത്തിന് എന്നാല്‍ ഗവര്‍ണര്‍ മൃദുല്‍ സിന്‍ഹയെ കാണാനായില്ല. ഗവര്‍ണര്‍ ഇന്ന് രാജ്ഭവനില്‍ ഇല്ലാത്തതിനാല്‍ നാളെ ഗവര്‍ണറെ കാണുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുളള ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ടെന്നും കാവല്‍ക്കര്‍ പറഞ്ഞു.
16 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്‍ഗ്രസ്. എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ അഞ്ച് എംഎല്‍എമാരെ കൂടി വേണം. 'ഞങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭൂരിപക്ഷം തെളിയിക്കാന്‍ നേരത്തേ അവസരം നല്‍കണമായിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണാമല്ലോ. നിശ്ചലാവസ്ഥയിലാണ് ഭരണം. നാളെ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും', കാവല്‍ക്കര്‍ പറഞ്ഞു.
പരീക്കര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ഗോവയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് ആവശ്യമെന്നും പരീക്കറിന് പകരം മറ്റൊരു മുഖ്യമന്ത്രിയെ നിയോഗിക്കാന്‍ ബിജെപിക്ക് സാധിക്കാത്തതിനാല്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ബിജെപി പിന്‍വാതിലിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ തടയിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ നിന്നും ഒരു സംഘം എത്തിയിരുന്നു. ശനിയാഴ്ചയാണ് പരീക്കറിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. പരീക്കര്‍ ചുമതല മുതിർന്ന നേതാക്കള്‍ക്ക് കൈമാറേണ്ട സമയം അതിക്രമിച്ചുവെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us