പനജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് ബുക്കിൽ ചേർക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഗിന്നസ് അധികൃതർക്ക് ഗോവയിലെ കോൺഗ്രസ് യൂണിറ്റ് കത്തയച്ചു. ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ പ്രധാനമന്ത്രി എന്ന റെക്കോർഡാണ് മോദിക്ക് നൽകേണ്ടതെന്നാണ് കത്തിലെ ആവശ്യം.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് റെക്കോർഡിനായി നിർദ്ദേശിക്കുന്നതിൽ സന്തോഷിക്കുന്നു. നാലു വർഷത്തിനിടയിൽ 52 രാജ്യങ്ങളിലായി 41 യാത്രകൾ മോദി നടത്തി’, കത്തിൽ പറയുന്നു. വിദേശ പര്യടനത്തിനായി 335 കോടി രൂപ മോദി ചെലവഴിച്ചതായും കത്തിലുണ്ട്.

വരും തലമുറയ്ക്ക് റോൾ മോഡലാണ് നരേന്ദ്ര മോദി. ലോകത്തിലെ മറ്റൊരു പ്രധാനമന്ത്രിയും അവരുടെ ഭരണകാലയളവിൽ ഇത്രയധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 69.03ലേക്ക് താഴ്ത്തി ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാക്കാനും തന്റെ ഭരണകാലത്ത് മോദിക്ക് സാധിച്ചുവെന്നും കത്തിൽ എഴുതിയിട്ടുണ്ട്.

ഇന്ത്യയിലെക്കാളും വിദേശ രാജ്യങ്ങളിലാണ് നരേന്ദ്ര മോദി കൂടുതൽ സമയം ചെലവഴിച്ചതെന്ന് മാധ്യമങ്ങൾക്ക് കത്തിന്റെ പകർപ്പ് കൈമാറിക്കൊണ്ട് ഗോവ കോൺഗ്രസ് വക്താവ് സൻകൽപ് അമോൻകർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ