ന്യൂഡല്‍ഹി: ലോക അര്‍ബുദ ദിനത്തില്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കി അസുഖബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മനുഷ്യ മനസിന് ഏത് രോഗത്തേയും കീഴടക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച അദ്ദേഹം നിലവില്‍ ചികിത്സ നടത്തുന്നുണ്ട്. 63കാരനായ അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലാണുളളത്.

‘മനുഷ്യ മനസിന് ഏത് രോഗത്തെയും മറികടക്കാന്‍ സാധിക്കും,’ അദ്ദേഹം ട്വീറ്റ് ചെയ്തു. കാന്‍സര്‍ ബാധിച്ചിരുന്നെങ്കിലും മാനസിക ധൈര്യം വീണ്ടെടുത്ത അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ ഓഫീസ് ജോലികളും അദ്ദേഹം ചെയ്തിരുന്നു. മാസങ്ങളായി അസുഖബാധിതനായി കഴിയുന്ന മനോഹര്‍ പരീക്കര്‍ സഭയില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു. മൂക്കില്‍ കുഴലിട്ട രീതിയില്‍ എത്തിയ അദ്ദേഹം വളരെ തളര്‍ന്ന സ്വരത്തിലാണ് സംസാരിച്ചത്. ഗോവ ധനമന്ത്രി കൂടിയായ അദ്ദേഹം തലയില്‍ തൊപ്പിയും കൂടെ സഹായികളേയും കൂട്ടിയാണ് സഭയില്‍ എത്തിയത്. ബജറ്റ് അവതരണ വേളയില്‍ സഹായികള്‍ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

ഇടയ്ക്ക് വെളളം കുടിക്കാനായി അദ്ദേഹം പല തവണ ബജറ്റ് പ്രസംഗം നിര്‍ത്തിവച്ചു. ഏറെ മെലിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും വീണ്ടും ബിജെപിക്കെതിരെ രംഗത്ത് എത്തിയിരുന്നു. പാന്‍ക്രിയാറ്റിക് ചികിത്സയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലും യുഎസിലും ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് പരീക്കര്‍ ഈ മാസം ആദ്യം ഓഫീസില്‍ എത്തിയത്. 2018 ഓഗസ്റ്റിലാണ് പരീക്കര്‍ അവസാനമായി സെക്രട്ടറിയേറ്റില്‍ എത്തിയത്. അതിനു ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook