മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആശുപത്രിവാസം തുടരുന്നു. പാന്‍ക്രിയാസില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്കറെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ആശുപത്രി അധികൃതരുമായി കൃത്യമായ ആശയവിനിമയം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ അമേരിക്കയിലേക്കു കൊണ്ടു പോകാനും ആലോചനയുണ്ട്.

ഈ മാസം 15നാണ് പരീക്കറെ ലീലാവതിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്കര്‍ക്ക് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു.

പരീക്കറുടെ അഭാവത്തില്‍, ഒരുമാസം നീളുന്ന ബജറ്റ് സമ്മേളനം നാലുദിവസത്തേക്ക് വെട്ടിച്ചുരുക്കാന്‍ ഇന്നലെ തീരുമാനമായി. ആഭ്യന്തരം, ധനവകുപ്പ്, പൊതുഭരണം, വിജിലന്‍സ് എന്നീ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് പരീക്കറായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ