/indian-express-malayalam/media/media_files/uploads/2019/03/parikkar-1.jpg)
പനാജി: ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. ഗോവ സംസ്ഥാന ഭരണം നടത്താൻ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മരണം. 63 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ഡൽഹി എയിംസിലും സ്വകാര്യ ആശുപത്രിയിലും പിന്നീട് അമേരിക്കയിലും ചികിത്സ തേടിയ അദ്ദേഹം ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
പരീക്കറിന്റെ ആരോഗ്യനില വഷളായതറിഞ്ഞ് ബന്ധുക്കൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴിയാണ് ആരോഗ്യവിവരം പുറത്തുവിട്ടത്. വീടിന് ചുറ്റും കനത്ത സുരക്ഷാ വലയമാണ്.
മോദി സർക്കാരിൽ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതനായി. ഘടകകക്ഷികളെ അനുനയിപ്പിക്കാൻ വേണ്ടിയാണ് കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുത്തത്.
Also Read:സംഘപരിവാറിന്റെ പ്രിയപുത്രൻ, ഗോവ നെഞ്ചേറ്റിയ 'മതേതരൻ'
മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മൂക്കിലൂടെ കുഴലിട്ട സ്ഥിതിയിൽ അവശനായാണ് സഭയിൽ എത്തിയത്. ഇതേ ചൊല്ലി പ്രതിപക്ഷം പലപ്പോഴും പ്രതിഷേധം ഉയർത്തിയിരുന്നു.
ക്രിസ്ത്യൻ മതവിഭാഗത്തിന് സ്വാധീനമുളള ഗോവയിൽ ബിജെപിക്ക് ഭരണം നേടിക്കൊടുക്കാൻ മുഖ്യ പങ്ക് വഹിച്ചയാളാണ് പരീക്കർ. ആർഎസ്എസിന് പ്രിയങ്കരനായ ഇദ്ദേഹം ഗോവയുടെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായാണ് അറിയപ്പെടുന്നത്.
Also Read:Manohar Parrikar funeral live update
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് 2013 ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് പരീക്കറായിരുന്നു. ടെക്നോക്രാറ്റായ നന്ദൻ നീലേകനിയുടെ സഹപാഠിയായ ഇദ്ദേഹം 1978 ൽ മുംബൈ ഐഐടിയിൽ നിന്നും എഞ്ചിനീയറിങിൽ ബിരുദം നേടി.
ഭാര്യ മേധ 2000 ത്തിൽ അർബുദം ബാധിച്ച് മരിച്ചു. രണ്ട് മക്കളാണ്. 1955 ൽ പോർച്ചുഗീസ് അധീനതയിലായിരുന്ന ഗോവയിലെ മാപുസയിലാണ് അദ്ദേഹം ജനിച്ചത്. മർഗോവയിലെ ലൊയോള ഹൈസ്കൂളിലായിരുന്നു പഠനം.
അതേസമയം ഗോവയിൽ സർക്കാർ രൂപീകരിക്കാനുളള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന വാദം കൂടുതൽ ശക്തമാക്കിയ ബിജെപി, ഗവർണർ മൃദുല സിൻഹ ബിജെപി നേതാവിനെ പോലെ പെരുമാറുന്നുവെന്ന് കുറ്റപ്പെടുത്തി. മനോഹർ പരീക്കറിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടണമെന്ന് ഗവർണറോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്ത്, ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത അദ്ദേഹം തളളി. ഡൽഹിയിലായിരുന്നു താനെന്നും ബിജെപി നേതാക്കൾ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം പാർട്ടി വിടുന്നത് ആത്മഹത്യാപരമാണെന്നും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us