പ​നജി: രാജ്യത്താകമാനം പെ​ണ്‍​കു​ട്ടി​ക​ൾ മ​ദ്യ​പി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഗോ​വ മു​ഖ്യ​മ​ന്ത്രിയും ബിജെപി നേതാവുമായ മ​നോ​ഹ​ർ പ​രീ​ക്ക​ർ. ഗോവയിൽ നിയമകാര്യ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന യുവജന പാർലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മനോഹർ പരീക്കർ തന്റെ ആശങ്ക പ്രകടിപ്പിച്ചത്.

“എനിക്ക് ഭയമാകുന്നുണ്ട്. പെൺകുട്ടികൾ പോലും മദ്യപിക്കുന്ന കാലത്തിലേക്കാണ് എത്തിയിരിക്കുന്നത്. സഹിഷ്‌ണുതയുടെ അതിര് ലംഘിക്കുന്നതാണിത്. ഇവിടെ ഇരിക്കുന്നവരെ ആരെയെങ്കിലുമോ അല്ലെങ്കിൽ എല്ലാ പെൺകുട്ടികളെയും കുറിച്ചോ അല്ല പറഞ്ഞത്. എന്നാൽ രാജ്യത്താകമാനം പെൺകുട്ടികളിൽ നല്ലൊരു വിഭാഗം മദ്യപിക്കുന്നത് ആശങ്കാജനകമാണ്”, പരീക്കർ പറഞ്ഞു.

ഗോവയിൽ യുവാക്കൾ അധ്വാനിക്കാൻ മടിക്കുന്നവരാണെന്ന ശക്തമായ വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. സർക്കാർ സർവ്വീസിൽ എൽഡി ക്ലർക്കിന്റെ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവരിൽ യുവാക്കളുടെ നീണ്ട നിര കാണുന്നതും ഇതുകൊണ്ടാണെന്ന് പരീക്കർ പറഞ്ഞു.

മയക്കുമരുന്ന്-ലഹരി വിരുദ്ധ പോരാട്ടവുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പറഞ്ഞ പരീക്കർ ഇത് പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook