പനജി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്   ഗോവ മുഖ്യമന്ത്രി മുഖ്യമന്ത്രി മനോഹര്‍ പരീക്കർ ചികിത്സയില്‍‌ തുടരുന്ന സാഹചര്യത്തിൽ പകരക്കാരനെ കണ്ടെത്താനുളള ചർച്ചകൾ സജീവം. ഇക്കാര്യത്തിൽ ബിജെപിയും ഘടകകക്ഷികളും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്.

ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ബിജെപിയുടെ കേന്ദ്രസംഘം ഗോവയിലെത്തി. ഇന്നും ഘടകക്ഷി നേതാക്കളുമായുളള ചർച്ചകൾ തുടരും. പ്രതിപക്ഷത്തുളള കോൺഗ്രസും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് പരീക്കർ ഇപ്പോഴുളളത്. പരീക്കറിന്റെ ചുമതലകൾ മന്ത്രിസഭയിലെ രണ്ടാമനായ തങ്ങളുടെ നേതാവ് സുധീർ നവലിക്കർക്ക് കൈമാറണമെന്ന് മഹാരാഷ്ട്ര ഗോമന്തക് പാർട്ടി ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണം. ഇത് ബിജെപി സമ്മതിച്ചിട്ടില്ല.

ഗോവ ഫോർവേഡ് പാർട്ടിയും സുധീര്‍ നാവലിക്കറിനെ ചുമതല ഏല്‍പിക്കുന്നതിനെ എതിര്‍‌‌ത്ത് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ശ്രമം തീര്‍ച്ചയായും നടത്തുമെന്ന് എഐസിസി സെക്രട്ടറി എ.ചെല്ലകുമാര്‍ പറഞ്ഞു.

40 അംഗ ഗോവ നിയമസഭയില്‍ ബിജെപിക്കുള്ളത് 14 അംഗങ്ങള്‍ മാത്രമാണ്. കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 16 അംഗങ്ങളാണ് അവർക്കുളളത്. എന്നാൽ മൂന്നംഗങ്ങൾ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരും മൂന്ന് സ്വതന്ത്രരും ഒരു എന്‍സിപി അംഗവും ഭരണപക്ഷത്തെയാണ് പിന്തുണക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook