പനജി: ഗോവയിലെ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. കോൺഗ്രസിന്റെ ഒഴികെ മറ്റെല്ലാവരുടേയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ അവകാശവാദം. സർക്കാർ അധികാരമേറ്റ് മൂന്നാം നാളാണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. പതിനൊന്നുമണിക്കാണ് ഗോവ നിയമസഭയിൽ വോട്ടെടുപ്പ് നടക്കുക.

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്ന ഗവർണറുടെ നിലപാടിനെതിരെ കോൺഗ്രസ് സുപ്രിം കോടതിയെ സമീപിച്ചതോടെയാണ് ഗോവയിൽ വിശ്വാസവോട്ടെടുപ്പ് നടത്തുന്നത്. 40 പേരുളള നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിന് വേണ്ടത് 21 അംഗങ്ങളുടെ പിന്തുണയാണ്. ഇത് തങ്ങൾക്കുണ്ടെന്നാണ് ബിജെപിയുടെ വാദം. കോൺഗ്രസിന്റെ 17 എംഎൽഎമാർ ഒഴികെ മറ്റെല്ലാവരും സർക്കാരിനൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സർക്കാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ