/indian-express-malayalam/media/media_files/uploads/2017/03/manohar-parrikar759.jpg)
പനജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ നാളെ അധികാരമേൽക്കും. നാളെ വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം പരീക്കർ രാജിവയ്ക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രണ്ടു വർഷത്തിലധികം കേന്ദ്ര പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചശേഷമാണ് പരീക്കർ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്.
ഗോവ മുഖ്യമന്ത്രിയായി പരീക്കറിനെ ഗവർണർ മൃദുല സിൻഹ ഇന്നലെ നിയമിച്ചിരുന്നു. 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്കർ മുഖ്യമന്ത്രിയാകണമെന്നു ഗോവയിൽ ബിജെപി എംഎൽഎമാർ പ്രമേയവും പാസാക്കിയിരുന്നു. ഗോവ മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച ശേഷമാണു പരീക്കർ 2014 നവംബറിൽ കേന്ദ്ര മന്ത്രിസഭയിൽ അംഗമായത്. ഉത്തർപ്രദേശിൽനിന്നാണു പരീക്കർ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റുകളിൽ വിജയിച്ച് കേവലഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഇത്തവണ 13 സീറ്റുകളിൽ മാത്രമായി ഒതുങ്ങി. കോൺഗ്രസ് 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 40 അംഗ നിയമസഭയിൽ ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ലായിരുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. മൂന്നു സീറ്റുകൾ വീതമുള്ള മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടിയും (എംജിപി) ഗോവ ഫോർവേഡ് പാർട്ടിയും (ജിഎഫ്‌പി) പുറമെ രണ്ടു സ്വതന്ത്ര എംഎൽഎമാരും പിന്തുണ വ്യക്‌തമാക്കിയതോടെയാണ് ഗോവയിൽ ബിജെപിക്കു സർക്കാരുണ്ടാക്കാൻ സാഹചര്യം തെളിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.