പനാജി: കൂടുതൽ സീറ്റുകളിൽ വിജയിച്ചിട്ടും ഗോവയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കാത്തതിൽ മുതിർന്ന കോൺഗ്രസസ് നേതാവും ഗോവയിലെ ചുമതലക്കാരനുമായിരുന്ന ദിഗ്‌വിജയ് സിംഗ് ജനങ്ങളോട് മാപ്പു ചോദിച്ചു. മനോഹർ പരീക്കറിനെ ഗോവ മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവന്ന സഖ്യകക്ഷികളുടെ പിന്തുണ ആർജിച്ച ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന് ഉറപ്പായതിനെ തുടർന്നാണ് ഇത്. “പണാധികാരം ജനാധികാരത്തെ മറികടന്നിരിക്കുകയാണ്. സഖ്യകക്ഷികളുടെ പിന്തുണ നേടി സർക്കാരുണ്ടാക്കാൻ സാധിക്കാത്തതിൽ ഗോവയിലെ ജനങ്ങളോട് ഞാൻ മാപ്പു ചോദിക്കുന്നു” ദിഗ്‌വിജയ് സിംഗ് ട്വിറ്ററിൽ പറഞ്ഞു.
ഗോവയിൽ സാമുദായിക ശക്തികൾക്കെതിരായ പ്രതിരോധം തുടർന്നും ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രിയിലാണ് ഗോവ ഗവർണർ മൃദുല സിൻഹ മനോഹർ പരീക്കറിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ബിജെപി സംസ്ഥാനത്ത് “ജനാധിപത്യ”ത്തെ തകർത്തുവെന്ന് കുറ്റപ്പെടുത്തിയതിനൊപ്പം, പരീക്കറെ ഈ മാറ്റത്തിന് പിന്നിലെ വില്ലനായാണ് ദിഗ്‌വിജയ് സിംഗ് പിടിഐ യോട് പറഞ്ഞത്.
സംസ്ഥാനത്ത് ജനങ്ങൾ തിരസ്കരിച്ചിട്ടും സർക്കാരുണ്ടാക്കാൻ മുന്നോട്ട് വന്ന ബിജെപി നിലപാടിനെ അദ്ദേഹം അപലപിച്ചു. “മറ്റൊരിടത്തും മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും തോറ്റിട്ടും ഒരു പാർട്ടി സർക്കാരുണ്ടാക്കാൻ മുന്നോട്ട് വരുന്നത് താൻ കണ്ടിട്ടില്ല” എന്ന് ദിഗ്‌വിജയ് സിംഗ് പനാജിയിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മനോഹർ പരീക്കറിനും ബിജെപിക്കും “അധികാര ആർത്തി”യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗോവയിലെ 40 നിയോജക മണ്ഡലങ്ങളിൽ 17 ലും വിജയിച്ചിട്ടും സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് ബിജെപിയെ ആണ്. ബിജെപിക്ക് 13 അംഗങ്ങളെ മാത്രമാണ് വിജയിപ്പിക്കാനായത്. രണ്ട് സ്വതന്ത്രർ മൂന്ന് വീതം എംഎൽഎ മാരുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവർ പിന്തുണച്ചതോടെയാണ് ബിജെപി ക്ക് സർക്കാരുണ്ടാക്കാൻ വഴി തെളിഞ്ഞത്.