പനാജി: ഗോവയില്‍ നടപ്പാലം പുഴയിലേക്ക് തകര്‍ന്നുവീണ് അമ്പതോളം പേര്‍ ഒഴുക്കില്‍ പെട്ടു. ദക്ഷിണ ഗോവയിലെ ചര്‍ച്ചോറെം പ്രദേശത്തെ പാലമാണ് തകര്‍ന്നുവീണത്. രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വെകുന്നേരം ആറരയോടെയാണ് അപകടം നടന്നത്.

പുഴയിലേക്ക് വീണ 50 പേരില്‍ 30ഓളം പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പോര്‍ച്ചുഗീസ് കാലത്തെ പാലമാണ് തകര്‍ന്നുവീണത്. പാലത്തിന്റെ മുകളില്‍ നിന്നും ആത്മഹത്യ ചെയ്യാനായി പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്സും മറ്റ് സന്നാഹങ്ങളും പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ ജനങ്ങളും തടിച്ചുകൂടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം കാണാനെത്തിയവരെല്ലാം പാലത്തിന് മുകളില്‍ കയറിയപ്പോള്‍ ഭാരം താങ്ങാനാവാതെയാണ് പാലം തകര്‍ന്നതെന്നാണ് വിവരം.

പുഴയിലേക്ക് വീണവരില്‍ ചിലര്‍ നീന്തി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുബൈ- ഗോവ ദേശീയ പാതയില്‍ സാവിത്രി നദിക്ക് മുകളിലുള്ള പാലം തകര്‍ന്ന് നിരവധി പേര്‍ മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook