ന്യൂഡല്‍ഹി: സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് രണ്ടു വിദേശികളെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഗോവയില്‍നിന്നു മുംബൈയിലേക്കുള്ള വിമാനത്തില്‍ വെള്ളിയാഴ്ചയാണു സംഭവം.
”വിമാനസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനു രണ്ടു വിദേശികളെ ജി8-372 ഗോവ-മുംബൈ വിമാനത്തില്‍നിന്നു ജനുവരി ആറിന് ഇറക്കിവിട്ടു. ഇരു യാത്രക്കാരും ക്രൂ അംഗങ്ങളോട് ആഭാസകരമായ പരാമര്‍ങ്ങള്‍ നടത്തുകയും സഹയാത്രികരെ തടസപ്പെടുത്തുകയും ചെയ്തു,” ഗോ ഫസ്റ്റ് വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
”ഇരുവരെയും വിമാനത്തില്‍നിന്നു ഇറക്കിവിടാന്‍ പൈലറ്റ്-ഇന്‍-കമാന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയും ചെയ്തു. കൂടുതല്‍ നടപടികള്‍ക്കായി വിഷയം ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡി ജി സിഎ)യെ അറിയിച്ചു,” വക്താവ് പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ക്കുമേല്‍ മദ്യലഹരിയിലുള്ള സഹയാത്രികര്‍ മൂത്രമൊഴിച്ച രണ്ടു സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ നവംബര്‍ 26നായിരുന്നു ആദ്യ സംഭവം. വയോധികയായ സഹയാത്രികയുടെ ദേഹത്ത് മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്ര എന്ന മുപ്പത്തിനാലുകാരനാണ് മൂത്രമൊഴിച്ചത്.
സംഭവത്തില്‍ എയര്‍ ഇന്ത്യ വേണ്ട നടപടിയെടുത്തില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. ബന്ധപ്പെട്ട ചുമതലയുള്ളവരും പൈലറ്റുമാരും ക്യാബിന് ക്രൂ അംഗങ്ങളും ഉചിതമായ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായി ഡിജിസിഎ നിരീക്ഷിക്കുകയും ചെയ്തു.
സംഭവത്തില്‍ കേസെടുത്ത ഡല്‍ഹി പൊലീസ്, ഒളിവില്‍ കഴിയുകയായിരുന്ന ശങ്കര്‍ മിശ്രയെ കഴിഞ്ഞദിവസം ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഡല്‍ഹി കോടതി 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒന്‍പതു ദിവസത്തിനുശേഷം, എയര്‍ ഇന്ത്യയുടെ തന്നെ പാരീസ്-ഡല്‍ഹി വിമാനത്തിലായിരുന്നു രണ്ടാമത്തെ സംഭവം. യാത്രക്കാരന് സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിക്കുകയായിരുന്നു.