ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയിലെ കോളനിയില്‍ നാട്ടുകാരുടെ പ്രതിഷേധം. നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ വീടുകള്‍ കയറിയിറങ്ങിയുള്ള ബിജെപി പ്രചാരണം നടക്കുകയാണ്. ഡല്‍ഹിയിലെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായാണ്. ഡല്‍ഹിയിലെ ലജ്‌പത് നഗറിലെ കോളനിയിലാണ് അമിത് ഷാ പ്രചാരണത്തിനെത്തിയത്. ഇവിടെവച്ച് രണ്ട് പെണ്‍കുട്ടികള്‍ അമിത് ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ചു. ഒരു ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ ഗോ ബാക്ക് വിളിച്ചത്.

അമിത് ഷാ ഗോ ബാക്ക് എന്നെഴുതിയ പോസ്റ്ററും ഫ്‌ളാറ്റിനു മുന്നില്‍ ഉണ്ടായിരുന്നു. ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ചവരില്‍ ഒരാള്‍ അഭിഭാഷകയും മറ്റൊരാള്‍ ബിരുദ വിദ്യാര്‍ഥിനിയുമാണ്. ഇവരെ നോക്കി കൈ വീശി കാണിച്ച ശേഷമാണ് അമിത് ഷാ മുന്നോട്ട് നടന്നുനീങ്ങിയത്. പ്രതിഷേധിച്ച പെൺകുട്ടികൾക്കെതിരെ ബിജെപി അനുകൂല പ്രവർത്തകർ മുദ്രാവാക്യം വിളച്ചതോടെ രംഗം നാടകീയമായി. പെൺകുട്ടികൾക്ക് പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

Read Also: ബോധവത്കരണത്തിന് വീടുകള്‍ കയറിയിറങ്ങി ബിജെപി; തുടക്കം പാളി, മന്ത്രി തിരിച്ചുപോയി

കേരളത്തിലും ബിജെപിയുടെ ഗൃഹസന്ദർശന പരിപാടി നടക്കുകയാണ്. വീടുകൾ കയറിയിറങ്ങി പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കേണ്ട ആവശ്യകതയെ കുറിച്ച് വിവരിക്കാനാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ, ആദ്യ ദിനത്തിൽ തന്നെ ബിജെപിക്ക് ലഭിച്ചത് എട്ടിന്റെ പണി. കേന്ദ്ര സഹമന്ത്രി കിരൺ റിജിജു ആയിരുന്നു ഗൃഹസമ്പർക്ക പരിപാടിക്ക് കേരളത്തിൽ തുടക്കം കുറിച്ചത്.

Read Also: അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബിജെപി പരിപാടികളിൽ പങ്കെടുക്കാറുള്ള സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ വീട്ടിലെത്തിയാണ് ഗൃഹസമ്പർക്ക പരിപാടിക്ക് ആരംഭം കുറിച്ചത്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തെ ജോർജ് ഓണക്കൂർ ശക്തമായി എതിർത്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആശങ്ക കേന്ദ്രസഹമന്ത്രിയോട് ജോർജ് ഓണക്കൂർ വിവരിച്ചു. ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. മുസ്‌ലിങ്ങളെ മാത്രം നിയമത്തിൽ നിന്ന് ഒഴിവാക്കിയതിനെ ജോർജ് ഓണക്കൂർ ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതോടെ ബിജെപിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. പത്ത് വീടുകളിൽ കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും എതിർപ്പുയർന്നതോടെ ഒരു വീട് മാത്രം സന്ദർശിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook