കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധം. ദ്വിദിന സന്ദര്‍ശനത്തിനായി മോദി ഇന്ന് കൊല്‍ക്കത്തയില്‍ എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘ഗോ ബാക്ക് മോദി’ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാര്‍ മോദിയുടെ കോലം കത്തിച്ചു.

ഇന്ന് വൈകീട്ട് ബംഗാളിലെത്തുന്ന മോദി രാജ് ഭവനിലാണ് താമസിക്കുക. പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രതിപക്ഷമാണ് ഇതിനെല്ലാം കാരണമെന്ന് ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ അല്ല, പൗരത്വം നല്‍കാനാണ്. പ്രതിപക്ഷത്തിന് മറ്റൊരു കുറ്റവും കണ്ടെത്താന്‍ ഇല്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. അല്ലാതെ, ആരുടെയും പൗരത്വം നഷ്‌ടപ്പെടുത്തുന്നതല്ല. ജനങ്ങളെ സത്യം അറിയിക്കാനാണ് ഞങ്ങൾ അധികാരത്തിലിരിക്കുന്നത്. പൗരത്വ നിയമം വഴി ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് ബിജെപി പ്രവർത്തകർ ഓരോ വീടുകൾ തോറും കയറിയിറങ്ങി ബോധവത്‌കരണം നൽകണം. ബിജെപിയുടെ പ്രചാരണം കഴിയുമ്പോൾ പൗരത്വനിയമത്തെക്കുറിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബോധ്യമാകുമെന്നും അമിത് ഷാ ഗുജറാത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook