ഔറംഗാബാദ്: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയെ പ്രചരിപ്പിക്കാന്‍ ഇറങ്ങിയ, ബിഹാറിലെ ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റിന് പണി കിട്ടി. പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കി സ്വന്തമായ ശൗചാലയങ്ങള്‍ പണിയേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സംസാരിക്കുന്നതിനിടെ കന്‍വാള്‍ തനൂജ് നടത്തിയ പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഭാര്യമാര്‍ക്ക് ശൗചാലയം പണിത് നല്‍കാന്‍ പോലും കഴിയാത്ത ഭര്‍ത്താക്കന്മാര്‍ അവരെ വിറ്റേക്കൂ എന്നാണ് തനൂജ് പറഞ്ഞത്.

12000 രൂപയാണ് പരമാവധി ഒരു ശൗചാലയം പണിയാന്‍ വരുന്ന ചെലവ്. എന്നാല്‍ 12000 രൂപയുടെ വില പോലും സ്വന്തം ഭാര്യയുടെ അഭിമാനത്തിന് കല്‍പ്പിക്കാത്തവര്‍ അവരെ വിറ്റുകളയൂവെന്ന് തനൂജ് പറഞ്ഞു. ഭാര്യയ്ക്ക് 12000 രൂപ പോലും വില കല്‍പിക്കാത്ത ഒരു പാവപ്പെട്ടവനും ഇക്കൂട്ടത്തിലുണ്ടാവില്ല എന്ന് പറഞ്ഞാണ് ശൗചാലയങ്ങള്‍ പണിയുന്നതിന്റെ ആവശ്യകത ജനങ്ങളെ ബേധവത്കരിക്കാന്‍ ശ്രമിച്ചത്.

വീട്ടില്‍ ശൗചാലയം പണിയാനുള്ള പണം തന്റെ പക്കലില്ല എന്ന് സദസ്സിലിരുന്ന ഒരു ഗ്രാമീണന്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കന്‍വാള്‍ തനൂജിന്റെ വിവാദ പരാമര്‍ശം.

പൊതുസ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനത്തിന് അറുതി വരുത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ കുടുംബത്തിന് 12000 രൂപയുടെ ധനസഹായം നല്‍കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ