ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിക്ക് വിദ്യാര്‍ഥികളുടെ മുന്‍പില്‍ നില്‍ക്കാന്‍ ധൈര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ പോയി അവിടുത്തെ വിദ്യാര്‍ഥികളോട് സംവദിക്കാന്‍ താന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
“രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നത്. യുവാക്കളുടെ ശബ്ദം ഏറെ മൂല്യമുള്ളതാണ്. അത് അടിച്ചമര്‍ത്തപ്പെടേണ്ടതല്ല. ഈ സര്‍ക്കാര്‍ യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ സന്നദ്ധരാകണം,” രാഹുല്‍ ഗാന്ധി പറഞ്ഞു.
Read Also: ഭരതവും കിലുക്കവും ഒരേ വർഷമല്ലേ? ‘ബിഗ് ബോസ്’ മത്സരാർഥികളെ കൺഫ്യൂഷനിലാക്കിയ ‘ലാലേട്ടൻ ടാസ്‌ക്’
“ഇന്ത്യയുടെ സമ്പദ്ഘടന തരിപ്പണമായത് എങ്ങനെയാണെന്ന് രാജ്യത്തെ യുവാക്കളോട് പറയാന്‍ നരേന്ദ്ര മോദി ധൈര്യം കാണിക്കണം. വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ നില്‍ക്കാനും അവരെ അഭിസംബോധന ചെയ്യാനും നരേന്ദ്ര മോദിക്ക് ധൈര്യമില്ല. ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്. രാജ്യത്തെ ഏതെങ്കിലും സര്‍വകലാശാലയിലേക്ക് പോകൂ, പൊലീസ് സംരക്ഷണമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ നില്‍ക്കൂ, രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അവരോട് തുറന്നുപറയൂ” രാഹുല്‍ ഗാന്ധി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചുളള തുടർനടപടികളുടെ കൂടിയാലോചനയ്‌ക്കായി കോൺഗ്രസ് ഡൽഹിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽനിന്ന് കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേന വിട്ടുനിന്നു. മഹാരാഷ്‌ട്രയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ രാഷ്ട്രീയ ആയുധമാക്കാനാണ് ഭരണപക്ഷം ശ്രമിക്കുക.
Read Also: സാബുമോൻ പഴയ സാബുമോനല്ല, എജ്ജാതി മാറ്റമെന്ന് സോഷ്യൽ മീഡിയ
സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എൽജെഡി അധ്യക്ഷൻ ശരദ് യാദവ് തുടങ്ങിയവർ പങ്കെടുത്തു.
എന്തുകൊണ്ട് ശിവസേന യോഗത്തിൽ നിന്നു വിട്ടുനിന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ല എന്നാണ് ശിവസേന എംപിയും പാർട്ടിയുടെ ലോക്‌സഭാ നേതാവുമായ വിനായക് റാവത്ത് പറയുന്നത്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി സംസാരിച്ചശേഷം മറ്റ് കാര്യങ്ങൾ വിശദീകരിക്കാമെന്നും ശിവസേന നേതാവ് വ്യക്തമാക്കി.