ന്യൂയോർക്ക്: 1.5 ഡിഗ്രി സെൽഷ്യസ് താപനില പരിധി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ താൽക്കാലികമായെങ്കിലും ലംഘിക്കപ്പെടുമെന്ന് ലോക കാലാവസ്ഥാ സംഘടന ബുധനാഴ്ച ഒരു പുതിയ വിശകലനത്തിൽ പറഞ്ഞു. 2023 നും 2027 നും ഇടയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ആഗോള താപനില മുമ്പുള്ള ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസോ അതിലും കൂടുതലാകാൻ 66 ശതമാനം സാധ്യതയുണ്ടെന്നും (ഡബ്ല്യുഎംഒ) പറയുന്നു.
കൂടാതെ, ഈ വർഷങ്ങളിലൊന്ന് 2016നെ മറികടന്ന് റെക്കോർഡിലെ ഏറ്റവും ചൂടേറിയ വർഷമായി മാറാൻ 98 ശതമാനം സാധ്യതയുള്ളതായും പറയുന്നു. ഇപ്പോൾ, 2016 ആണ് ഏറ്റവും ചൂടേറിയ വർഷം. ആ വർഷത്തെ വാർഷിക ശരാശരി താപനില അതിനു മുൻപുള്ള (1850-1900 കാലഘട്ടത്തിലെ ശരാശരി) കാലത്തെക്കാൾ 1.28 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. 2022-ലെ വർഷത്തിൽ ഇത് മുൻപുള്ള ശരാശരിയേക്കാൾ 1.15 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു.
ബുധനാഴ്ച പുറത്തിറക്കിയ മറ്റൊരു പഠനത്തിൽ, ഏപ്രിലിൽ ഇന്ത്യയിലും ചില അയൽരാജ്യങ്ങളിലും അനുഭവപ്പെട്ട ശക്തമായ ഉഷ്ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാമെന്ന് സൂചിപ്പിക്കുന്നു. വേൾഡ് വെതർ ആട്രിബ്യൂഷൻ സംരംഭവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഗവേഷകർ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യ, ബംഗ്ലാദേശ്, ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം ഏപ്രിലിലെ ചൂട് തരംഗം കുറഞ്ഞത് 30 മടങ്ങ് കൂടുതലാക്കിയാതായി പറയുന്നു.
നൂറുവർഷത്തിലൊരിക്കൽ മാത്രമേ ഇത്തരം സംഭവങ്ങൾ നടക്കൂവെന്നാണ് കരുതിയിരുന്നത്, എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അഞ്ച് വർഷത്തിലൊരിക്കൽ ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
അടുത്ത അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും വാർഷിക ശരാശരി താപനില മുമ്പുള്ള ശരാശരിയേക്കാൾ 1.1 മുതൽ 1.8 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് ഡബ്ല്യുഎംഒ പറഞ്ഞു. 1.5 ഡിഗ്രി സെൽഷ്യസ് എന്നത് വളരെ വേഗം സ്ഥിരമായി സംഭവിക്കാനും സാധ്യതയുണ്ട്.
“അടുത്ത അഞ്ച് വർഷങ്ങളിൽ, ആഗോള ശരാശരി താപനില മുമ്പുള്ള വർഷങ്ങളിലെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ താൽക്കാലികമായി എത്തുമെന്ന് ഞങ്ങൾ നീരീക്ഷിക്കുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെയും മീഥേന്റെയും സാന്ദ്രതയിൽ വളരെയധികം വർധനയുണ്ട്. അടുത്ത 15-20 വർഷത്തിനുള്ളിൽ, ഇത് 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധനവ്) ഒരു സ്ഥിരം സവിശേഷതയായി മാറും. അതിൽ നിന്ന് പഴയ നല്ല നാളുകളിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല,” ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി തലാസ് ജനീവയിൽ പറഞ്ഞു.
1.5 ഡിഗ്രി സെൽഷ്യസ് താപനില വർദ്ധനവ് ഒരു പ്രധാന പരിധിയായി കണക്കാക്കപ്പെടുന്നു. 2015-ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യം വ്യാവസായികത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നിന്ന് ആഗോള താപനിലയിൽ 2 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് തടയുക എന്നതാണ്, അതേസമയം അത് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കാൻ ശ്രമിക്കുകയാണ്.
എന്നാൽ 1.5 ഡിഗ്രി സെൽഷ്യസ് ത്രെഷോൾഡ് എത്തിപ്പെടാൻ പോകുന്നില്ലെന്ന് മിക്ക വിശകലന വിദഗ്ധരും ഇപ്പോൾ സമ്മതിക്കുന്നു. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ വിലയിരുത്തലുകൾ പ്രകാരം, 1.5 ഡിഗ്രി ത്രെഷോൾഡിന്റെ ലംഘനം മിക്കവാറും ഒഴിവാക്കാനാകാത്തതാണ്.
2023 നും 2027 നും ഇടയിലുള്ള അഞ്ച് വർഷത്തെ കാലയളവിൽ 2018 നും 2022 നും ഇടയിലുള്ള മുൻ അഞ്ച് വർഷത്തേക്കാൾ ചൂട് കൂടുതലായിരിക്കുമെന്ന് ഡബ്ല്യുഎംഒ വിലയിരുത്തുന്നു. ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന എൽ നിനോയും ഇതിൽ ഒരു പങ്കു വഹിക്കുന്നതായി കരുതുന്നു. സാധാരണഗതിയിൽ, എൽ നിനോ വികസിച്ചതിന് ശേഷമുള്ള വർഷത്തിലാണ് ആഗോള താപനില വർധിപ്പിക്കുന്ന ആഘാതം ഉണ്ടാകുന്നത്. അതായത് എൽ നിനോ 2024-ൽ അധിക ചൂടിന് കാരണമായേക്കാം.
“ഉയരുന്ന താപനിലയുമായി ബന്ധപ്പെട്ട്, നമ്മൾ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. നെഗറ്റീവ് പ്രവണതകൾ 2060-കൾ വരെ തുടരുമെന്ന് കണക്കാക്കപ്പെടുന്നു. സാധാരണ നിലയിലെത്താൻ ഏകദേശം 1,000 വർഷമെടുത്തേക്കാം. ഇത് കൃഷിക്കും ജലസ്രോതസ്സുകൾക്കും മനുഷ്യർക്കും ഭീഷണിയാണ്,”പെറ്റേരി തലാസ് പറഞ്ഞു.
വെള്ളപ്പൊക്കം, വരൾച്ച, ഉഷ്ണ തരംഗങ്ങൾ തുടങ്ങിയ അതിരൂക്ഷമായ സംഭവങ്ങളുടെ സാധ്യതകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാൻ നിലവിലെ കാലാവസ്ഥാ മാതൃകകൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് തലാസ് പറഞ്ഞു.
“യൂറോപ്പിലും ചൈനയിലുടനീളമുള്ള സമീപകാല ഉഷ്ണതരംഗങ്ങൾ, ആഫ്രിക്കയിലെ വരൾച്ചയും കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം, എന്നിവയിൽനിന്നു ആഘാതം ഇതിനകം ദൃശ്യമാണ്. നിലവിലെ കാലാവസ്ഥാ മാതൃകകൾക്ക് ഇത്തരം സംഭവങ്ങൾ പ്രവചിക്കാൻ കഴിയില്ല, ”താലസ് പറഞ്ഞു.
മെയ്-ജൂലൈ കാലയളവിൽ എൽ നിനോ വികസിക്കാൻ 60 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
“എൽ നിനോ, മനുഷ്യൻ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനവുമായി സംയോജിച്ച് ആഗോള താപനിലയെ മറ്റൊരു തലത്തിൽ എത്തിക്കും,” താലസ് പറഞ്ഞു.
എൽ നിനോ വർഷങ്ങളിൽ വടക്കൻ ആമസോൺ വനമേഖലകളിൽ മഴ കുറയുന്നതായും ഇത് കാട്ടുതീ വർധിപ്പിക്കുന്നതിന് കാരണമാകുന്നതായി ഡബ്ല്യുഎംഒയിലെ കാലാവസ്ഥാ ഓഫീസ് സയന്റിഫിക് വിദഗ്ധൻ ഡോ.ലിയോൺ ഹെർമൻസൺ പറയുന്നു.