ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ 107-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് ഇന്ത്യ. അയല്‍ രാജ്യങ്ങളായ നേപ്പാള്‍ (81), പാകിസ്ഥാന്‍ (99), ശ്രീലങ്ക (64), ബംഗ്ലാദേശ് (84) എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ ആറ് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി.
കണ്‍സേണ്‍ വേള്‍ഡ് വൈഡും വെല്‍റ്റ് ഹംഗര്‍ ഹില്‍ഫും സംയുക്തമായി പ്രസിദ്ധീകരിച്ച പട്ടിക ആഗോള, പ്രാദേശിക, രാജ്യ തലത്തില്‍ പട്ടിണി സമഗ്രമായി കണ്ടെത്തുന്നതാണ്. പട്ടിണിയുടെ ‘രൂക്ഷത’ അനുസരിച്ച രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടിക 29.1 ആണു ഇന്ത്യയ്ക്കു നല്‍കിയിരിക്കുന്ന സ്‌കോര്‍. ഇത് ‘ഗുരുതരം’ എന്ന വിഭാഗത്തെ സൂചിപ്പിക്കുന്നു.
ബെലറൂസാണ് പട്ടികയില്‍ ഒന്നാമത്. ബോസ്‌നിയയും ചിലിയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയും കുവൈത്തുമാണു മുന്നില്‍. പട്ടികയില്‍ നാലാം സ്ഥാനത്താണു ചൈന.
പോഷകാഹാരക്കുറവ്; കുഞ്ഞുങ്ങളിലെ ശരീരശോഷണം, ശിശുവളര്‍ച്ചാ മുരടിപ്പ്, ശിശുമരണ നിരക്ക് എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണു പട്ടിണി സൂചികയില്‍ സ്‌കോര്‍ കണക്കാക്കുന്നത്. ഈ രീതി പ്രകാരം 9.9-ല്‍ താഴെയുള്ള സ്‌കോര്‍ ‘കുറഞ്ഞത്’, 10-19.9 വരെ’മിതമായത്’, 20-34.9 ‘ഗൗരവമുള്ളത്’, 35-49.9 ‘അപകടകരം’, 50-ന് മുകളിലുള്ളത് ‘അങ്ങേയറ്റം ഭയപ്പെടുത്തുന്നത’ എന്നിവയെ സൂചിപ്പിക്കുന്നു.
വര്‍ഷങ്ങളായി ഇന്ത്യ പട്ടികയില്‍ താഴോട്ടുവരികയാണ്. 2000-ല്‍, 38.8 എന്ന ഭയപ്പെടുത്തുന്ന സ്‌കോര്‍ രേഖപ്പെടുത്തിയെങ്കിലും 2014ല്‍ 28.2 ആയി കുറഞ്ഞു. തുടര്‍ന്നു്ള്ള വര്‍ഷങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ തുടരുകയാണ്.
കഴിഞ്ഞവർഷത്തെ പട്ടിണി സൂചിക റിപ്പോർട്ടിനെ കേന്ദ്രസർക്കാർ തള്ളിയിരുന്നു. സൂചിക തയാറാക്കുന്ന രീതി അശാസ്ത്രീയമെന്നായിരുന്നു സർക്കാർ പറഞ്ഞത്.