ന്യൂഡല്‍ഹി: ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ കേസുകള്‍ വര്ധിച്ചതിനെത്തുടര്ന്നുള്ള ആഗോള കോവിഡ് സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൂടുതല്‍ ജാഗ്രത വേണമെന്നും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ലോക്സഭയില്‍ സംസാരിക്കവെ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രക്കാരെ റാന്‍ഡം ടെസ്റ്റിങ് പോലുള്ള നടപടികള്‍ക്കു വിധേയമാക്കുന്നത് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, വാക്സിന് സ്വീകരിക്കുക എന്നിവയുള്‍പ്പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടരാന്‍ അദ്ദേഹം ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കരും രാജ്യസഭാ ചെയര്‍മാനും മറ്റു നിരവധി എംപിമാരും മാസ്ക് ധരിച്ചാണ് ഇന്നു പാര്‍ലമെന്റിലെത്തിയത്.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ നടപടികള്‍, നിലവിലെ കോവിഡ് സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രി വിലയിരുത്തും. ആരോഗ്യമന്ത്രിയും ആരോഗ്യവിദഗ്ധരും പങ്കെടുക്കും.
ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കോവിഡ് വ്യാപനത്തിനു കാരണമായ ഒമൈക്രോണിന്റെ ബിഎഫ്. 7 വകഭേദം രാജ്യത്ത് നാലുപേര്‍ക്കു സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലും ഒഡിഷയിലും രണ്ടുപേര്‍ക്കു വീതമാണു രോഗം ബാധിച്ചത്.
നിലവില്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നിവയാണു പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. ഡിസംബര്‍ 20നുറിപ്പോര്ട്ട് ചെയ്യപ്പെട്ട പ്രതിദിന പുതിയ കേസുകളില്‍ 84 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.