ന്യൂഡല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗ് ഈ രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്നു മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. നട്‌വര്‍ സിങ്. ഇന്ത്യാ വിഭജനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ എംപി എംജെ അക്ബറിന്റെ പുതിയ പുസ്തകം ‘ഗാന്ധിയുടെ ഹിന്ദുമതം: ജിന്നയുടെ ഇസ്ലാമിനെതിരായ പോരാട്ടം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നട്‌വര്‍ സിങ്.

”എന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിഭജനം നടന്നിരുന്നില്ലെങ്കില്‍ നമുക്ക് നേരിട്ടുള്ള ഏറ്റുമുട്ടല്‍ ദിനങ്ങളുണ്ടാകുമായിരുന്നു. അത്തരമൊരു ആദ്യ സംഭവമുണ്ടായതു ജിന്നയുടെ (മുഹമ്മദ് അലി) ജീവിതകാലത്ത് 1946 ഓഗസ്റ്റ് 16നാണ്. കൊല്‍ക്കത്തയില്‍ ആയിരക്കണക്കിനു ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. പ്രതികാരമായി ബിഹാറിലും ആയിരക്കണക്കിനു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. മുസ്ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നതിനാല്‍ കാര്യങ്ങളെല്ലാം അസാധ്യമാവുമായിരുന്നു,” നട്‌വർ സിങ് പറഞ്ഞു.

Read Also: ശബരിമല: വിശാലബഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി, വാദം 17 മുതൽ

പ്രത്യേക രാജ്യം സൃഷ്ടിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മുസ്ലിങ്ങളോട് മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനമാണു കൊല്‍ക്കത്തയിലും ബിഹാറിലും വര്‍ഗീയ കലാപങ്ങള്‍. 1946 സെപ്റ്റംബര്‍ രണ്ടിനു രൂപീകരിച്ച, ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരില്‍ ചേരാന്‍ മുസ്ലിം ലീഗ് ആദ്യം വിസമ്മതിക്കുകയും പിന്നീട് ഭാഗമാകുകയും ചെയ്തതു മുസ്‌ലിം ലീഗിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കാന്‍ നട്‌വര്‍സിങ് പറഞ്ഞു. അതിനാല്‍ ഇന്ത്യയെ വിഭജിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ മുസ്ലിം ലീഗ് കാര്യങ്ങള്‍ എത്രത്തോളം കുഴപ്പത്തിലാക്കിയേനേയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമെന്നും നട്‌വര്‍ സിങ് പറഞ്ഞു.

ഗാന്ധിജിയും ജിന്നയും വളരെ ഉന്നതനിലയിലുള്ള, പ്രയാസമുള്ള രണ്ടു വ്യക്തികളാണെന്നു സിങ് പറഞ്ഞു. ”അവരോടൊപ്പം ജീവിക്കുന്നത് അസാധ്യമായിരുന്നു. കാരണം ഗാന്ധിജിയുടെ നിലവാരം വളരെ ഉയര്‍ന്നതായിരുന്നു. ജിന്നയുടെ സ്വഭാവം വളരെ പരുഷമായിരുന്നു,” നട്‌വര്‍ സിങ് പറഞ്ഞു.

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വസതിയില്‍വച്ചാണു പുസ്തകം പ്രകാശനം ചെയ്തത്. വിഭജനത്തിന്റെ ചരിത്രം വിശകലനം ചെയ്യുന്ന പ്രധാന റഫറന്‍സായി പുസ്‌കതം മാറിയേക്കാമെന്നും ആഴത്തില്‍ ഗവേഷണം ചെയ്താണ് ഇത് എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook