ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള സംവരണ അനുപാതം 75 ശതമാനമാക്കി ഉയർത്തണമെന്നും ഉയർന്ന ജാതിക്കാർക്ക് കൂടി ഇതിന്റെ ആനുകൂല്യം ലഭിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. സാമ്പത്തിക അടിസ്ഥാനത്തിൽ ഉയർന്ന ജാതിക്കാർക്ക് കൂടി ആനുകൂല്യം ലഭിക്കുന്ന വിധത്തിൽ സംവരണ ചട്ടങ്ങൾ മാറ്റണമെന്നാണ് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടത്.

നിലവിലെ സംവരണ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാത്ത വിധത്തിൽ ആകെയുള്ള സീറ്റിന്റെ 25 ശതമാനം മുന്നാക്ക സമുദായങ്ങൾക്ക് നൽകണമെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഈ സീറ്റുകളിൽ സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകണമെന്നും മന്ത്രി പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവായ ഇദ്ദേഹം നേരത്തേ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പിന്നാക്ക ജാതിക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിലെ 49.5 ശതമാനം സംവരണം, പട്ടേൽ, രാജ്പുത്, ബ്രാഹ്മണർ, ബനിയാസ്, മറാത്താസ് സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി 25 ശതമാനം കൂടി വർദ്ധിപ്പിക്കണമെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.

മഹാരാഷ്ട്ര വിഭജിച്ച് സൗരാഷ്ട്ര എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന ഇദ്ദേഹം, 8 ലക്ഷം രൂപ വാർഷിക വരുമാനമുളളവർക്ക് ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കരുതെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ