ന്യൂഡൽഹി: അസ്വസ്ഥതകൾ നിലനിൽക്കുന്ന ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങൾ അമർച്ച ചെയ്യാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ അധികാരം നൽകണമെന്ന് സമാജ്‌വാദി പാർട്ടി രക്ഷാധികാരി മുലായം സിങ് യാദവ്. ഐഷ്ബാഗ് ഈദ്ഗാഹിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഇവിടെ നിന്നും പോയ ശേഷമാണ് മുലായം സിങ് യാദവ് ഇവിടേക്ക് എത്തിയത്. ഇരുവരും തമ്മിലുള്ള അസ്വാരസ്യം ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയായി ഈ സംഭവം.

“കശ്മീർ വിഷയത്തിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ പട്ടാളത്തിന് അധികാരം നൽകണം. വിഘടനവാദികളെ ശക്തമായി തന്നെ നേരിടണം” മുലായം നിലപാട് വ്യക്തമാക്കി. സമീപകാലത്ത് വിഘടനവാദികൾക്ക് ശക്തമായ പിന്തുണയാണ് താഴ്‌വരയിലെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വിഘടനവാദികൾക്കൊപ്പം ജനങ്ങളും സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നുണ്ട്.

അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് മുലായം സിങ് യാദവ് പ്രതികരിച്ചില്ല. ആരെ പിന്തുണയ്ക്കണം എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് മുലായം പറഞ്ഞു.

നേരത്തെ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയെ ഇന്ത്യൻ സൈന്യം വധിച്ചതോടെയാണ് കശ്മീരിൽ അരക്ഷിതാവസ്ഥ ശക്തമായത്. ഇതിന് പിന്നാലെ വിഘടനവാദികളും ഇന്ത്യൻ സൈന്യവും തമ്മിൽ നിരന്തരം ഏറ്റുമുട്ടി. നിരവധി പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

ജനക്കൂട്ടത്തിന് നേർക്ക് സൈന്യം പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ജനക്കൂട്ടത്തിന്റെ പ്രതിഷേധങ്ങളെ പൂർണ്ണതോതിൽ നിയന്ത്രിക്കാൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. അതിനിടെ ബുർഹാൻ വാനിക്ക് പകരക്കാരനായി ഹിസ്ബുൾ കമാൻഡർ പദവിയിലെത്തിയ സബ്സർ അഹമ്മദ് ബട്ടിനെയും സൈന്യം ദിവസങ്ങൾക്ക് മുൻപ് വധിച്ചിരുന്നു.

ഇതിന് പിന്നാലെ കശ്മീരിലെ കൊടുംഭീകരരുടെ പട്ടിക ഇന്ത്യൻ സൈന്യം പുറത്ത് വിട്ടു. 12 ഭീകരരുടെ ചിത്രങ്ങൾ അടക്കമാണ് സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് എന്നീ തീവ്രവാദസംഘടനകളിലെ ഭീകരരുടെ പട്ടികയാണ് സൈന്യം തയാറാക്കിയത്.

ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ആകാൻ സാധ്യതയുള്ള റയീസ് നൈക്കോ അഥവ സുബൈർ എന്ന ഭീകരനാണ് പട്ടികയിലെ പ്രധാനി. ബാഷിർ-അഹ്- വാനി ( ലക്ഷ്കറെ തയിബയുടെ അനന്ത്നാഗ് ജില്ലാ കമാൻഡർ), സീനത്ത് – ഉൽ- ഇസ്‌ലാം ( ലക്ഷ്കറെ തയിബയുടെ അംഗം), വാസിം (ഷോപ്പിയാൻ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്ഷ്കറെ തയിബ ഭീകരൻ), അബു ദുജാന (ദക്ഷിണ കശ്മീരിലെ ലഷ്കറെ തയിബ കമാൻഡർ).

ഇവർക്ക് പുറമേ, അബു ഹമാസ് (ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ), സദ്ദാം പദ്ദാർ (ഹിസ്ബുൾ മുജാഹിദ്ദാൻ കമാൻഡർ), ഷൗക്കത്ത് അഹ് താക്ക് (ലഷ്കറെ തയിബയുടെ പുൽവാമ കമാൻഡർ), റെയാസ് അഹ് നായിക്കോ (ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ), മോഹദ് റാഷിദ് (ഹിസ്ബുൾ മുജാഹിദ്ദീന്റെ ദക്ഷിണ കശ്മീർ കമാൻഡർ), സാക്കിർ റാഷിദ് ബട്ട് (ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ), അൽറ്റാവ് – അഹ്- ദാർ ( ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ).

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ